
തലശേരി: ധര്‍മടത്ത് മൂന്നാം അങ്കത്തിനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് മുഖ്യമന്ത്രി പത്രിക
സമർപ്പിച്ചത്.
പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. പുനലൂർ സോമരാജൻ, കെ വരദരാജൻ എന്നിവർ കൈമാറി. ഗാന്ധിഭവനിലെ അമ്മമാർ നൽകിയ തുകയാണിത്. കഴിഞ്ഞ രണ്ടു തവണയും ഗാന്ധിഭവനിലെ അമ്മമാർതന്നെയാണ് പിണറായിക്ക് കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത്. ഇവർ നിർമിക്കുന്ന കരകൗശലവസ്തുക്കളും മറ്റും വിറ്റുകിട്ടിയ തുകയുടെ ഒരുപങ്കാണ്
നൽകിയത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ, പി. ശശി, സി.എന്‍.ചന്ദ്രന്‍ തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു.
മൂന്നാം തവണയാണ് പിണറായി വിജയൻ ധർമടത്ത് മത്സരിക്കുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ കൂത്തുപറമ്പിലും ഒരു തവണ തളിപ്പറമ്പിലും മത്സരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദാണ് ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി.
















