
കൊയിലാണ്ടി: നിയമസഭാതെരഞ്ഞെടുപ്പിനുള്ള കൊയിലാണ്ടി മണ്ഡലത്തിലെ പോരാട്ട ചിത്രം തെളിഞ്ഞു. എല്‍ഡിഎഫിനായി മുന്‍ എംഎല്‍എ കെ.ദാസനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണനും മത്സരിക്കും. ഇവരുടെ പ്രഖ്യാപനം വന്നുകഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാറായിരിക്കും യുഡിഎഫ്
സ്ഥാനാര്‍ഥിയെന്ന് നേരത്തേ നിശ്ചയിച്ചതാണ്.
കെ.ദാസന്റെ പേര് പ്രഖ്യാപിച്ചതിനു പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രചാരണം തുടങ്ങി. മണ്ഡലത്തില്‍ ദാസന്റെ പോസ്റ്ററുകള്‍ നിറഞ്ഞു. യുഡിഎഫ് ആകട്ടെ ചുവരെഴുത്തുകള്‍ തുടങ്ങി. പ്രഖ്യാപനം വന്നാല്‍ സ്ഥാനാര്‍ഥിയുടെ പേര് മാത്രം എഴുതിയാല്‍ മതി. കുറച്ച് മാസങ്ങളായി പ്രവീണ്‍കുമാറിന്റെ പ്രവര്‍ത്തന കേന്ദ്രം കൊയിലാണ്ടിയിലാണ്.
എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണെങ്കിലും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനാണ് പ്രതീക്ഷ നല്‍കുന്നത്. തദ്ദേശ
തെരഞ്ഞെടുപ്പിലെ വോട്ട് നോക്കുമ്പോള്‍ കൊയിലാണ്ടിയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. യുഡിഎഫിന് കൊയിലാണ്ടിയില്‍ 3924 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. യുഡിഎഫിന് 72893 വോട്ടും എല്‍ഡി.എഫിന് 68969 വോട്ടുമാണ് ലഭിച്ചത്. 21063 വോട്ടുകള്‍ എന്‍ഡിഎ നേടിയിട്ടുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെയും അതിന് മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെയും കണക്കുകള്‍ എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ ഷാഫി പറമ്പിലിന് 24,063 വോട്ടുകളുടെ ലീഡുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാഫി പറമ്പില്‍ 82,099 വോട്ടുകള്‍
നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ കെ.കെ.ശൈലജ 58,036 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന്‍ 20,699 വോട്ടുകളും നേടി. ഈ കണക്കുകള്‍ പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൊയിലാണ്ടിയില്‍ എല്‍ഡിഎഫിന് വോട്ട് കൂടുകയും യുഡിഎഫിന് വോട്ട് കുറയുകയുമാണ് ചെയ്തിരിക്കുന്നത്.
നേരത്തേയുള്ള തെരഞ്ഞെടുപ്പുകളിലെ കണക്ക് നോക്കിയാലും ഈ ട്രെന്റ് കാണാവുന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമ്പോഴും നിയമസഭയില്‍ മണ്ഡലം ഇടതിനൊപ്പം നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാനത്തില്‍ ജമീല കൊയിലാണ്ടിയില്‍ ജയിച്ചത്. 161,592 വോട്ട് പോള്‍ ചെയ്തതില്‍ 75,628 വോട്ടുകളായിരുന്നു കാനത്തില്‍ ജമീലയ്ക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍.സുബ്രഹ്‌മണ്യന് 67,156 വോട്ടും ലഭിച്ചു. 17555 വോട്ടുകളാണ് എന്‍.ഡി.എ നേടിയത്.
-സുധീര്‍ കൊരയങ്ങാട്
















