
ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ജി. സുധാകരനെതിരെ ആലപ്പുഴയിൽ വ്യാപകമായ പോസ്റ്റർ പ്രതി
ഷേധം. ‘വർഗവഞ്ചകന് മാപ്പില്ല’ എന്ന വാചകങ്ങളോടെയാണ് സിപിഎം പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ നവനീതം വസതിയിൽ മാധ്യമ സമ്മേളനം നടത്തി താൻ പാർട്ടി അംഗത്വം പുതുക്കാൻ ഉദ്ദേശിക്കുന്നല്ലെന്നും ആരുടെയും പിന്തുണയില്ലാതെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ തന്നെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി നടപടികൾ
ഇതിനോടകം താൻ നേരിട്ടെന്നും വസതിയിൽ നടത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന പത്ര സമ്മേളനത്തിൽ ജി. സുധാകരൻ വ്യക്തമാക്കി.
പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുവെന്ന വാർത്തകൾക്ക് പിന്നാലെ ആലപ്പുഴ ജില്ലാ നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജി. സുധാകരൻ വഴങ്ങിയില്ല. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉൾപ്പെടെയുള്ള നേതാക്കൾ വസതിയിൽ നേരിട്ടെത്തിയാണ് അനുനയനീക്കത്തിന് ശ്രമിച്ചത്. സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ജി സുധാകരന്റെ പ്രഖ്യാപനം.
















