ശ്രീനഗര്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദം കേട്ടെന്ന് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വെടിനിര്‍ത്തല്‍ എവിടെയെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു. എക്‌സ് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതായാണ് റിപ്പോര്‍ട്ട്. അനന്ത്‌നാഗ്, ബഡ്ഗാം, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കില്ലര്‍ ഡ്രോണുകളെത്തി.
ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നു. സൈനിക നീക്കങ്ങളെല്ലാം അവസാനിപ്പിച്ചതായും വിക്രം മിസ്രി അറിയിച്ചു.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഓപ്പറേഷന്‍സ് ആണ് ഇന്ന് ഉച്ച തിരിഞ്ഞ് 3.35 ന് ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ ചര്‍ച്ച നടന്നിരുന്നു.
ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ തീരുമാനമായതെന്നും മിസ്രി വ്യക്തമാക്കി. 12-ാം തീയതി ഡിജിഎംഒമാര്‍ വീണ്ടും ചര്‍ച്ച നടത്തും. ഈ സാഹചര്യം നിലനില്‍ക്കെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വീണ്ടും പ്രകോപനമുണ്ടായിരിക്കുന്നത്.