കൊച്ചി: ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്താത്തതിനെ ചൊല്ലിയുള്ള വിവാദത്തിൽ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് വിലക്ക്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയത്. അസോസിയേഷനെതിരെ ശ്രീശാന്ത് സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവന നടത്തി എന്ന് ആരോപിച്ചാണ് താരത്തെ വിലക്കിയിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപായി കേരള ടീമിൽ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കിയിരുന്നു. വിഷയത്തിൽ ശ്രീശാന്ത്, സഞ്ജുവിനെ അനുകൂലിച്ച് സംസാരിച്ചതാണ് പ്രശ്നമായത്.

സഞ്ജു സാംസൺ പ്രശ്നത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് സഞ്ജുവിന്റെ പിതാവായ വിശ്വനാഥ് സാംസൺ, റെജി ലൂക്കോസ്, ചാനലിന്റെ അവതാരക എന്നിവർക്കെതിരെയും നിയമനടപടിയെടുക്കണമെന്ന് ബുധനാഴ്ച ചേർന്ന കെസിഎ പ്രത്യേക ജനറൽ ബോഡി യോഗം തീരുമാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസികൊല്ലം ഏരീസിന്റെ സഹ ഉടമ ശ്രീശാന്താണ്. വിവാദത്തിൽ ശ്രീശാന്ത്, ഫ്രാഞ്ചൈസികളായ ആലപ്പി റിപ്പിൾസ്, കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റർ സായി കൃഷ്ണൻ എന്നിവർക്ക് കെസിഎ നോട്ടീസയച്ചിരുന്നു.