ആലപ്പുഴ: കഞ്ചാവ് പിടികൂടിയ കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി

എക്സൈസ്. മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയാണ് എക്സൈസ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. കനിവ് ഉള്‍പ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്സൈസിന് വീഴ്ച്ച സംഭവിച്ചുവെന്നാണ് അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഒമ്പത് പേരുടെയും ഉച്ഛാസ വായുവില്‍ കഞ്ചാവിന്റെ മണമുണ്ടായിരുന്നുവെന്നും എന്നാല്‍ മെഡിക്കല്‍ പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ നടന്നില്ലെന്നും

ചൂണ്ടിക്കാട്ടുന്നുണ്ട്.
ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ സിഐ മഹേഷ് ആണ് ഇന്നലെ ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഡിസംബര്‍ 28 നാണ് പ്രതിഭ എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഒമ്പത് പേരെ തകഴിയില്‍ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തിരുന്നു. പിന്നാലെ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎല്‍എയുടെയുമടക്കം മൊഴിയും എടുത്തിരുന്നു. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.
