
‘കലാരംഗത്ത് ഇതിന് മുന്‍പ് മുഖ്യധാരയിലുള്ള സെലിബ്രിറ്റികളുടെ ഇത്തരം പ്രശ്‌നം വന്നപ്പോള്‍ കിട്ടിയ സംയമനവും സാവകാശവും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല. വേടനെ വേട്ടയാടരുത്. വേടന്റെ പാട്ടില്‍ ഒരു രാഷ്ട്രീയമുണ്ട്. അത് പുതിയ കാലത്തെ സാമൂഹിക നീതിയുടെ പോരാട്ടമാണ്. യുവതലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള്‍ സംഭവിച്ച കാര്യങ്ങളില്‍ തെറ്റുതിരുത്തേണ്ടതുണ്ട്’- പുന്നല ശ്രീകുമാര്‍ പറഞ്ഞു.
അതേസമയം, റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ പേരില്‍ ഏഴുവര്‍ഷം വരെ തടവുലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് യഥാര്‍ഥമാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതോടെയാണ് വനംവകുപ്പിന്റെ നടപടി.
ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താന്‍ വലിക്കുകയും കുടിക്കുകയുമൊക്കെ ചെയ്യുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം, പുലിപ്പല്ല് നല്‍കിയത് ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്നയാളാണെന്നും അത് യഥാര്‍ഥ പല്ലാണോ എന്ന് അന്നും ഇന്നും അറിയില്ലെന്നും വേടന്‍ വനംവകുപ്പ് അധികൃതരോട് പറഞ്ഞു.
വേടനെ കസ്റ്റഡിയില്‍ വിട്ടു
വേടനെ രണ്ടു ദിവസത്തേക്ക് വനം വകുപ്പ് കസ്റ്റഡിയില്‍ വിട്ടു. വൈദ്യപരിശോധനകള്‍ക്കു ശേഷം ഉച്ചയോടെയാണ് വേടനെ പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. തന്റെ പുതിയ ആല്‍ബം ഈ മാസം 30ന് റിലീസാകുകയാണെന്നും അതിനാല്‍ കസ്റ്റഡി ഒഴിവാക്കണമെന്നും വേടന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.