വടകര: ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ആരോഗ്യ മന്ത്രിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് വികസന സമിതി യോഗത്തില്‍ നിന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
ഒരുകോടി നാല്പത്തിഏഴ് ലക്ഷം രൂപ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ആരോഗ്യ മന്ത്രിയെ ഒഴിവാക്കിയതിന്റെ പേരില്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍ എം വിമല, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്മാന് ടി.വി. കുഞ്ഞിരാമന്, മീത്തലെ കാട്ടില്‍ നാണു, അശോകന് പി.ടി എന്നിവരാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
നൂറ്കണക്കിന് രോഗികള്‍ ദിവസേന എത്തിച്ചേരുന്ന ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്ഥലപരിമിതിയും പ്രയാസങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കിയ എംഎല്‍എ കെ.പി. കുഞ്ഞമ്മത് കുട്ടി വിഷയം ആരോഗ്യ മന്ത്രിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എന്‍എച്ച്എം ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.47 കോടി രൂപ അനുവദിച്ചതെന്ന് എല്‍ഡിഎഫ് പ്രതിനിധികള്‍ പറഞ്ഞു. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാനുള്ള ഘട്ടമായപ്പോള്‍ എന്‍എച്ച്എം സര്‍ക്കാറിനെ അറിയിച്ചതനുസരിച്ച് തറക്കല്ലിടല്‍ ചടങ്ങിന് എത്താമെന്ന് ആരോഗ്യമന്ത്രി അറിയിക്കുകയും ചെയ്തതാണ്. എന്‍എച്ച്എം ജില്ലാ മാനേജര്‍ ഈ വിവരം രേഖാമൂലം കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയും ഓഫീസര്‍ പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതി യോഗം എല്‍ഡിഎഫ് അംഗങ്ങളുടെ
വിയോജനക്കുറിപ്പോടെ ഭൂരിപക്ഷ പ്രകാരം മന്ത്രിയെ ക്ഷണിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ഈ പരിപാടി നടത്താന്‍ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ആശുപത്രി വികസന സമിതി യോഗത്തില്‍ നിന്നാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ജില്ലാപഞ്ചായത്ത് മെമ്പര്‍ എന്‍.എം.വിമല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.വി. കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. മീത്തലെ കാട്ടില്‍ നാണു, വിനോദന്‍ പി.ടി.എന്നിവര്‍ സംസാരിച്ചു.
മെയ് ഒന്നിന് ഷാഫി പറമ്പില്‍ എംപിയാണ് തറക്കല്ലിടുന്നത്
എല്‍ഡിഎഫ് ബഹിഷ്കരണം രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന് എല്‍ഡിഎഫ് വിട്ടുനില്‍ക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതവും ഖേദകരവുമാണെന്ന് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുല്‍ഹമീദ് പറഞ്ഞു. കെട്ടിട നിര്‍മാണത്തിന് ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ (എന്‍എച്ച്എം) നിന്നാണ് ഒന്നരക്കോടി രൂപ അനുവദിച്ചത്. മുന്‍ എംപി കെ.മുരളീധരന്റെ ശ്രമ ഫലമായാണ് ഫണ്ട് അനുവദിച്ച് കിട്ടിയത്. തറക്കല്ലിടല്‍ കര്‍മ്മം സ്ഥലം എംപിയെ കൊണ്ട് നിര്‍വഹിപ്പിക്കാനും കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് ആരോഗ്യമന്ത്രിയെ കൊണ്ടു ഉദ്ഘാടനം ചെയ്യിക്കാമെന്നതുമാണ് ആശുപത്രി മോണിറ്ററിംഗ് കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും തീരുമാനിച്ചിരുന്നത്. ഇത് പ്രകാരമാണ് ഷാഫി പറമ്പില്‍ എംപിയെ മെയ് ഒന്നിന് തറക്കല്ലിടുന്നതിനായി ക്ഷണിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു