
പാക് പൗരത്വമുള്ള നിങ്ങൾ മതിയായ രേഖകൾ ഇല്ലാതെയാണ് ഇന്ത്യയിൽ കഴിയുന്നതെന്ന് ബോധ്യപ്പെട്ടതിനാൽ രാജ്യം വിട്ടുപോകണമെന്നാണ് വടകര, കൊയിലാണ്ടി പൊലീസ് നൽകിയ നോട്ടീസിലുള്ളത്. രാജ്യം വിട്ടുപോകാത്തപക്ഷം നിയമ നടപടികളുണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഖമറുന്നീസ, അസ്മ എന്നിവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022ലാണ് വടകരയിലെത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസക്ക് അപേക്ഷിച്ചെങ്കിലും ഇവർക്ക്
ലഭിച്ചില്ലെന്നാണ് വിവരം.
കേരളത്തില്‍ ജനിച്ച ഹംസ 1965ലാണ് തൊഴില്‍ തേടി പാകിസ്താനിലേക്ക് പോയത്. ബംഗ്ലാദേശ് വിഭജന ശേഷം 1972ല്‍ നാട്ടിലേക്ക് വരാന്‍ പാസ്പോര്‍ട്ട് ആവശ്യമായി വന്നപ്പോഴാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. 2007ല്‍ കച്ചവടം അവസാനിപ്പിച്ച് കേരളത്തിലെത്തിയ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചതത്രെ. കൊയിലാണ്ടിയിൽ ജനിച്ച് ഇവിടെ വിദ്യാഭ്യാസം നേടിയ 72കാരനായ ഹംസക്ക് ഇവിടെ തന്നെ ജീവിച്ചുമരിക്കാനാണ് ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു.