വടകര: അടക്കാതെരു ജംഗ്ഷന് കേന്ദ്രീകരിച്ച് ഒരു വിഭാഗം ബസ് ഉടമസ്ഥ സംഘം ഓട്ടോറിക്ഷകളുടേയും ടാക്സി
ജീപ്പുകളുടെയും ഫോട്ടോ എടുത്ത് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും വാഹനങ്ങള്‍ തടഞ്ഞു ഡ്രൈവര്‍മാരെ കൈയ്യേറ്റം ചെയ്യുന്നതും അവസാനിപ്പിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് വടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പാരലല്‍ സര്‍വീസ് തടയുക എന്ന ഉദ്ദേശ്യത്തോടെ ബസ്സുടമസ്ഥസംഘം കൂലികൊടുത്ത് നില്പ്പിച്ചവരാണ് സംഘത്തിനു പിന്നില്‍. ഫോട്ടോ എടുക്കുന്നവരുടെ കൈയ്യേറ്റത്തിന് വിധേയരായവര്‍ പോലീസില്‍ നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല. ഇത് ഓട്ടോ-ടാക്സി സര്‍വീസ് പ്രതിസന്ധിയിലാക്കുകയും തൊഴിലാളികളുടെ തൊഴില്‍ ജീവിത
സാഹചര്യങ്ങളെ ബാധിക്കുകയും ചെയ്യുകയാണ്. പാരലല്‍ സര്‍വീസിനെതിരെ പോലീസോ ആര്‍ടിഒ ഉദ്യോഗസ്ഥരോ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ബസ് ഉടമസ്ഥ സംഘം നിയമം കൈയിലെടുക്കുന്നത് തെരുവില്‍ സംഘര്‍ഷ സാധ്യതയും ഉണ്ടാക്കുന്നുണ്ട്. ബസ്സുടമസ്ഥ സംഘം ഈ നടപടിയില്‍ നിന്നു പിന്മാറണമെന്നും തൊഴിലെടുക്കാനുള്ള സാഹചര്യം പോലീസ് ഉണ്ടാക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്‍കും. യോഗത്തില്‍ വേണു കക്കട്ടില്‍ അധ്യക്ഷനായി. രാജന്പുതുശ്ശേരി, വി.രമേശന് എന്നിവര്‍ സംസാരിച്ചു.

