വടകര: ദേശീയ പാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് പരിഹരിക്കാന്‍ അടിയന്തര
നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഷാഫി പറമ്പില്‍ എംപി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്കി. കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് മണ്ണിടിച്ചില്‍ മൂലവും വീടുകളില്‍ വെള്ളം കയറിയും ജീവിതം പ്രതിസന്ധിയിലായവര്‍ ഇപ്പോഴും പ്രശ്നപരിഹാരത്തിന് കാത്തിരിക്കുകയാണ്. താമസയോഗ്യമല്ലാതായ വീടും സ്ഥലങ്ങളും നഷ്ടപരിഹാരം നല്കി ഏറ്റെടുക്കാമെന്ന അധികൃതരുടെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ശക്തമായ ജനകീയ ആവശ്യം നിലനില്‍ക്കുന്ന കുഞ്ഞിപ്പള്ളി, പന്തലായിനി, ചേമഞ്ചേരി, പാലയാട്ട് നട, തിരുവങ്ങൂര്‍-കാപ്പാട് റോഡ് ജംഗ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ ഹൈവേ മുറിച്ചു
കടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിലും തീരുമാനമായിട്ടില്ല. ഈ വിഷയം പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇവ അധികൃതര്‍ അവഗണിക്കുകയുമാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താത്ത ഇടുങ്ങിയ സര്‍വീസ് റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മാണത്തിലെ അപാകം പരിശോധിക്കണമെന്നത് അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട ഏജന്‍സികളുടെ ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്നും മന്ത്രിക്ക് നല്കിയ കത്തില്‍ എംപി ആവശ്യപ്പെട്ടു.

