ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ
ശിലാസ്ഥാപനം മെയ് ഒന്നിന് നാലുമണിക്ക് വടകര എം.പി ഷാഫി പറമ്പില്‍ നിര്‍വഹിക്കും. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവില്‍ പഞ്ചായത്ത് നിയമിച്ച ഈവനിംഗ് ഒ.പി ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭിക്കുന്നുണ്ട്. കൂടാതെ വിവിധ വിഭാഗങ്ങളിലായി 25 ഓളം പേര്‍ ജോലി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തില്‍ ലാബ്, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. പഞ്ചായത്തില്‍ നിന്നും സമീപപ്രദേശത്ത് നിന്നുമായി 300 ഓളം രോഗികളാണ് ദിനേന ആശുപത്രിയില്‍ എത്തുന്നത്. നിന്നു തിരിയാനിടമില്ലാതെ വീര്‍പ്പു മുട്ടുന്ന ആശുപത്രിയില്‍ പുതിയ കെട്ടിടം
പൂര്‍ത്തിയാവുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാവും. അനുദിനം വികസിക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ലക്ഷക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും പഞ്ചായത്ത് ഭരണസമിതി ഫണ്ട് നീക്കിവെക്കുന്നത്. വിശാലമായ ഒ.പി, വിശ്രമ കേന്ദ്രങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ലാബ് പരിശോധനകള്‍, ബൃഹത്തായ ഫാര്‍മസി എന്നിവയാണ് പുതിയ കെട്ടിടത്തില്‍ സജ്ജീകരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
സംബന്ധിക്കും. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുല്‍ ഹമീദ് (ചെയര്‍മാന്‍), മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹൃദ്യ (ജനറല്‍ കണ്‍വീനര്‍) വാര്‍ഡ് മെമ്പര്‍ സരള കൊള്ളിക്കാവില്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ സ്വാഗതസംഘം കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.



