വളയം: വളയം ഗവ. ഐടിഐയിലെ നൈപുണ്യകര്മസേനയുടെ നേതൃത്വത്തില്‍ വളയം
ഗ്രാമപഞ്ചായത്തിലെ ഉപയോഗശൂന്യമായ എല്‍ഇഡി തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി നല്കി. നാല് വര്‍ഷം മുന്‍പ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച തെരുവുവിളക്കുകളാണ് പ്രവര്‍ത്തനക്ഷമമാക്കി നല്‍കിയത്. ഐടിഐയിലെ നൈപുണ്യകര്മസേനയിലെ റിതുല്ദേവ്, ഷംസീര്‍, ലുക്മാന്, അമല്സജീവന് എന്നീ ഇലക്ട്രിക് ട്രേഡിലെ ട്രെയിനികളും, സീനിയര്‍ ഇന്‍സ്പെക്ടര്‍മാരായ മൊയ്തു.സി, വിനുവി.കെ എന്നിവരുടെ നേതൃത്വത്തിലണ് റിപ്പേര്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തനക്ഷമമാക്കിയ എല്‍ഇഡി വിളക്കുകള്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് കെ.പി പ്രദീഷ് ഏറ്റുവാങ്ങി. ഗവ. ഐടിഐ പ്രിന്‍സിപ്പാള്‍ പ്രസാദ് സി.കെ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എം.കെ അശോകന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.അരുണ്‍കുമാര്‍, രാജീവന് പുനത്തില്‍, അനൂപ് വി.ടി, എല്‍.വി ബാബു, യുണിയന്‍ ചെയര്മാന് വിവേക് കൃഷ്ണ എന്‍.പി എന്നിവര്‍ സംസാരിച്ചു.


