
ബൈസരൻ വാലിയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരരുടെതേന്ന് കരുതുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ രണ്ട് പേർ സംസാരിച്ചത് പഷ്തൂൺ ഭാഷയിലാണെന്നാണ് വിവരം. അത് അക്രമികൾ പാകിസ്താൻ സ്വദേശികളെന്നതിനുള്ള സൂചനയാണ്. മറ്റ് രണ്ട് പേർ പ്രദേശവാസികളെന്നാണ് വിവരം. ഒരാൾ പാകിസ്താനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ആദിൽ എന്നയാളാണ്. ആദിൽ മുമ്പും ഭീകരവാദികൾക്ക് സഹായം നൽകിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഭീകരർ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിച്ചിരുന്നതായും അക്രമത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണം നടന്ന പ്രദേശത്തിന് സമീപത്തുനിന്ന് കറുത്ത നിറത്തിലുള്ള ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ഈ ബൈക്കിലാണ് ഭീകരരെത്തിയതെന്നാണ് സംശയിക്കുന്നത്. അക്രമികൾ എത്തിയത് പ്രാദേശിക പൊലീസ് യൂണിഫോം ധരിച്ചായിരുന്നു. സൈനികരുടേതിന് സമാനമായ മുഖംമൂടിയും ധരിച്ചിരുന്നു. അക്രമികൾ ഉപയോഗിച്ചത് യുഎസ് നിർമിത എം4 കാർബൻ റൈഫിളുകളെന്നാണ് സൂചന. പാക് ചാരസംഘടന വഴി വിതരണം ചെയ്യുന്ന റൈഫിളുകളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ.