ചോറോട് ഈസ്റ്റ്: പഞ്ചായത്തീരാജ് നഗര പാലികാ സംവിധാനത്തിന്റെ ഭാഗമായി ജനകീയാസൂത്രണ
പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്ന വികസന പദ്ധതികളുടേയും വ്യക്തിഗത ആനുകൂല്യങ്ങളുടേയും വിതരണപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ജനകീയഇടപെടലുകള്‍ ഉറപ്പുവരുത്തുന്നതിനുമായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ കൂട്ടായ്മകളുടെ ഇടപെടല്‍ ഗ്രാമസഭകളില്‍ സജീവമാകണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു. ചോറോട് പഞ്ചായത്തിലെ ചോറോട് ഈസ്റ്റിലെ പുലരി അയല്പക്ക സൗഹൃദ വേദിയുടെ രണ്ട് ദിവസം നീണ്ടു നില്ക്കുന്ന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വികസന പദ്ധതികള്‍ക്ക്
വേഗം കൂട്ടാന്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ക്ക് സാധ്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ നാട് നേരിടുന്ന വിപത്തുകളില്‍ ഒന്നായ ലഹരിക്കതിരെയുള്ള പോരാട്ടത്തിന്ന് ഗൃഹാങ്കണത്തില്‍ നിന്ന് തുടക്കം കുറിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ നടപ്പിലാക്കി വന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതേ നിലയില്‍ തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോകാനും കൂട്ടായ്മകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ വെച്ച് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഓട്ടന്തുള്ളല്, മിമിക്രി എന്നിവയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനവും എ ഗ്രേഡും
കരസ്ഥമാക്കിയ യുക്ത അനിലിനെയും, സ്കൂള്‍ പാചക തൊഴിലാളികളുടെ പാചക മത്സരത്തില്‍ സബ്ജില്ലാതലത്തില് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചോറോട് എല്‍പി സ്കൂളിലെ പാചകക്കാരി പുഷ്പ ചെറിയ ചോറോട്ടിനെയും യോഗത്തില്‍ വെച്ച് അനുമോദിച്ചു. കൂട്ടായ്മയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികളെയും വനിതാ വേദി നടത്തിയ പച്ചക്കറിക്കൃഷിയില്‍ വിജയം കരസ്ഥമാക്കിയവരെയും യോഗത്തില്‍ വച്ച് അനുമോദിക്കുകയുണ്ടായി. സംഘടനയുടെ സെക്രട്ടറി കെ.എം നാരായണന് സ്വാഗതവും പ്രസിഡന്റ് ടി.എം ഭാര്ഗവന്, അധ്യക്ഷതയും വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പ്രസാദ് വിലങ്ങല്‍, ഷിനിത ചെറുവത്ത്, ലോക കേരള സഭാംഗം ബാബു
കരുവലോടി, രാമകൃഷണന് വന്ദനം, വനിതാ വേദി കണ്‍വീനര്‍ പ്രീത സുരേഷ് ബാബു, യുക്ത അനില്‍, പുഷ്പ ചെറിയ ചോറോട്ട് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് നന്ദി അര്‍പ്പിച്ചു കൊണ്ട് ജോ. കണ്‍വീനര്‍ ശ്രീജിഷ് യു.എസ് സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.




