വടകര: നാര്‍കോട്ടിക്, സൈക്കോട്രോപിക് വിഭാഗത്തില്‍പെടുന്ന മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഫാര്‍മസിസ്റ്റുകള്‍ ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ വി.യം.ഹഫ്സത്ത്. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) വടകര എരിയാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഗ്രതാ ക്യാമ്പയിന് ഉദ്ഘാടനം ചെയ്യുകയയായിരുന്നു അവര്‍. മെഡിക്കല്‍ ഷോപ്പുകളില്‍ ഇത്തരം മരുന്നുകളുടെ സ്റ്റോക്കും വില്പനയും കൃത്യമായി രജിസ്റ്റര്‍
ചെയ്ത് വെയ്ക്കണമെന്ന് അവര്‍ പറഞ്ഞു.
മയക്കുമരുന്നുകള്‍ക്കെതിരായ ജാഗ്രത പോലീസും എക്സൈസും പൊതുസമൂഹവും ശക്തമാക്കിയതോടെ താരതമ്യേന റിസ്ക്കും ചെലവും കുറഞ്ഞ സൈക്കോട്രോപിക്, സെഡേറ്റീവ് മരുന്നുകള്‍ ലഭിക്കാന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നത്. വ്യാജ പ്രിസ്ക്രിപ്ഷന് നിര്‍മിച്ച് ഇത്തരം മരുന്നുകള്‍ സംഘടിപ്പിക്കാന്‍ മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരെ ഫാര്‍മസിസ്റ്റുകള്‍ തിരിച്ചറിയുകയും നിയമപാലകര്‍ക്ക് വിവരം കൈമാറുകയും ചെയ്യേണ്ടതാണെന്ന് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഹഫ്സത്ത് ഓര്‍മിപ്പിച്ചു.
കെപിപിഎ ഏരിയ പ്രസിഡന്റ് എം.നസീറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന് കോറോത്ത്, കെ.പി.രാഹുല്‍, എം.ഷെറിന് കുമാര്‍, ഐ.മണി, അനുശ്രീ.ആര്, ഹരിദാസന്.കെ.പി, പ്രവീണ.ടി.കെ എന്നിവര്‍ സംസാരിച്ചു.