ആയഞ്ചേരി: പഞ്ചായത്തിലെ ഏറ്റവും ശുചിത്വ പൊതു സ്ഥാപനത്തിനുള്ള അവാര്‍ഡിന് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയെ തെരഞ്ഞെടുത്തു. മൂന്നാം വാര്‍ഡ്
കീരിയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെന്സറിയില് ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് ശുചിത്വം, മാലിന്യ സംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവ പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന് പഞ്ചായത്ത് സമിതിയാണ് വിവിധ പൊതു സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ആയുര്‍വേദ ഡിസ്പെന്‍സറിയെ തെരഞ്ഞെടുത്തത്. പഞ്ചായത്തിലെയും സമീപ പ്രദേശത്തെയും നൂറുകണക്കിന് രോഗികളാണ് ദിനേന ആശുപത്രിയില്‍ എത്തുന്നത്. നിലവില്‍ ഒരു മെഡിക്കല്‍ ഓഫീസറും ഒരു അറ്റന്‍ഡര്‍ സ്റ്റാഫുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ
വികസനത്തിനും മരുന്നുകള്‍ക്കും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും പഞ്ചായത്ത് ഭരണസമിതി ഫണ്ട് നീക്കിവെക്കുന്നത്. അനുമോദന പത്രം വൈസ് പ്രസിഡന്റ് പി.കെ ആയിഷ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.ദര്ശനക്ക് കൈമാറി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി.കെ ഹാരിസ്, ബ്ലോക്ക് മെമ്പര്‍ സി.എച്ച് മൊയ്തു, വികസന സമിതി കണ്‍വീനര്‍ തറമല്‍ കുഞ്ഞമ്മദ്, എച്ച്എംസി അംഗങ്ങളായ കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, പി.ടി.കെ വിനോദന്‍ എന്നിവര്‍ സംബന്ധിച്ചു.


