വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഡോ. കെ.ബി മേനോന് കുടുംബാരോഗ്യകേന്ദ്രം കെട്ടിടം 12ാം തിയതി ശനിയാഴ്ച ഉച്ച 12 മണിക്ക് ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണാ ജോര്‍ജ്
ഉദ്ഘാടനം ചെയ്യും. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 50 ലക്ഷം രൂപയും നിലവിലെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 30 ലക്ഷം രൂപയും ഉള്‍പ്പടെ ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. ആധുനിക സൗകര്യമുള്ള കെട്ടിടത്തില്‍
ഒരേസമയം പത്തോളം പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള ലാബ്, ഫാര്‍മസി, പരിശോധന മുറി, കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഒപി പരിശോധന. മുഴുവന്‍ സമയവും മൂന്ന് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാകും. നിലവില്‍ സമീപ പഞ്ചായത്തില്‍ നിന്നുള്ള രോഗികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്നത് വില്ല്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തെയാണ്.


