തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്നും ലഹരിവ്യാപനം തടയാൻ ഏപ്രിൽ 17 ന് സർവകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി. 16ന് വിവിധ മതമേലധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നും വരും തലമുറകളെ കൊടും വിപത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള മഹാ യജ്ഞത്തിന് ഈ നാടിന്റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്റെ സമാധാന
അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. അതിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക പ്രശ്നങ്ങള്‍, കുറ്റവാസന, ആത്മഹത്യ എന്നിവ വര്‍ദ്ധിച്ചു വരുന്നു. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗത്തിലെ വര്‍ദ്ധന സാഹചര്യത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. വിപണനവും സംഭരണവും ഉപയോഗവും തടയാന്‍ ഓപ്പറേഷന് ഡിഹണ്ട് എന്ന കര്മ്മപദ്ധതികേരള പോലീസ് നടപ്പാക്കി വരികയാണ്.
ഡിഹണ്ട്ഡ്രൈവിനു സഹായകരമായ ഇന്റലിജന്‍സ് ഇന്‍പുട്ട് നല്‍കുന്നതിനായി ഡ്രഗ് ഇന്റലിജന്‍സ് (ഡി ഇന്റ്) എന്ന സംവിധാനം സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതുവഴി കഴിഞ്ഞഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 2503 സോഴ്സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറുകയും ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.