വാണിമേല്‍: വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹെല്‍ത്തി കേരളയുടെ ഭാഗമായി
ശുചിത്വ പരിശോധനയും ബോധവല്‍ക്കരണവും നടത്തി. വാര്‍ഷികാഘോഷം നടക്കുന്ന വാണിമേല്‍ എംയുപി സ്കൂളിന് സമീപത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വില്പന നടത്തിയ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. മഞ്ഞപ്പിത്ത രോഗബാധ കൂടുതലായി കണ്ടുവരുന്ന 15,16 വാര്‍ഡുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. സ്കൂളുകളില്‍ കുടിവെള്ള ശുചിത്വവും ആഹാര ശുചിത്വവും ഉറപ്പു വരുത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് നല്കി. കേന്ദ്ര പുകയില നിയന്ത്രണ നിയമം സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
നിയമാനുസൃത ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു. സ്കൂളുകള്‍, കോളജ് ഹോസ്റ്റലുകള്‍, മദ്രസ അടക്കമുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജ് നേതൃത്വം നല്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.വിജയരാഘവന്, ചിഞ്ചു കെ.എം എന്നിവരും പങ്കാളികളായി.


