
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് ആദിവാസി സംഘടനകളുടെ തീരുമാനം. പൊലീസ് സ്റ്റേഷനിലെ മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗോകുലിന്റെ മരണത്തിൽ കൽപ്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ കൽപ്പറ്റ സ്റ്റേഷനിൽ സന്ദർശനം നടത്തി. പൊലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം. ഫോറൻസിക് സർജന്മാരുടെ സംഘവും കൽപ്പറ്റ സ്റ്റേഷൻ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുൻപ് ഗോകുലിനേയും പ്രദേശവാസിയായ പെൺകുട്ടിയേയും കാണാതായിരുന്നു. അന്വേഷണത്തിനിടെ മാര്‍ച്ച് 31ന് വൈകിട്ടോടെ ഇരുവരെയും കണ്ടെത്തി. ഇരുവരേയും കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഗോകുലിനെ പൊലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തി. ഇതിനിടെ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പൊലീസുകാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.