
ചിത്രത്തിലെ വില്ലൻ കാഥാപാത്രത്തിന്റെ പേരടക്കം മാറ്റിയുള്ള പുതിയ പതിപ്പ് നാളെ മുതൽ പ്രദർശിപ്പിക്കും.സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് നിർമാതാക്കൾ റീഎഡിറ്റഡ് വേർഷനുമായി സെൻസർ ബോർഡിനെ അങ്ങോട്ട് സമീപിച്ചത്. അവധി ദിവസങ്ങൾ കഴിഞ്ഞ് ചൊവ്വാഴ്ചയോടെ സിനിമയിൽ തിരുത്തൽ വരുത്താനായിരുന്നു ധാരണ. എന്നാൽ പല കോണിൽനിന്നും റീജനൽ സെൻസർ ബോർഡിനു മേൽ സമ്മർദമുണ്ടായെന്നാണ് സൂചന. അതോടെ അവധി ദിവസമായ ഞായറാഴ്ച തന്നെ ‘വെട്ടൽ’ ജോലികൾ പൂർത്തിയാക്കി. റീഎഡിറ്റഡ് വേർഷനിൽ 17 ഇടത്താണ് വെട്ടിയത്. പ്രധാന വില്ലന്റെ പേര് ‘ബജ്റംഗി’ എന്നത് ‘ബൽരാജ്’ എന്നാക്കി മാറ്റി. 18 ഇടങ്ങളിൽ പേരുമാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ ഒഴിവാക്കി. എൻ.ഐ.എ ലോഗോ ഒഴിവാക്കി. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിളിക്കുന്നതായി പരാമർശിക്കുന്ന രംഗം ഒഴിവാക്കി.