വളയം: ഇരുന്നലാട് കുന്നിലെ ചെങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി
ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കുന്നിലെ താഴ്വരയിലും പരിസരത്തുമായി 300 ല്‍ പരം കുടുംബങ്ങള്‍ താമസിക്കുണ്ട്. ഈ കുന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍ പൊട്ടലിന് വിധേയമായിട്ടുണ്ട്. ഓരോ വര്‍ഷകാലത്തും ചെറുകിട കുന്നിടിച്ചിലുകള് ഇവിടെ സംഭവിക്കാറുണ്ട്. മാത്രവുമല്ല, ഇവിടങ്ങളില്‍ താമസമാക്കിയ കുടുംബങ്ങള്‍ കുഴി എടുക്കുമ്പോള്‍ ഭൂമിക്കടിയില്‍ വലിയ ഗര്‍ത്തങ്ങള്‍ കാണപ്പെടാറുണ്ട്. ഈ അവസ്ഥ നിലനില്‍ക്കുന്ന കുന്നിന്റെ നെറുകയിലാണ് ഖനനത്തിന് അനുമതി നല്‍കിയത്. പാരിസ്ഥിതിക ആഘാതം പഠിക്കാതെയും കുന്നിന്റെ ദുര്‍ബലാവസ്ഥ മനസിലാക്കാതെയുമാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉത്തരവ് നല്‍കിയത്. ആയതിനാല്ജില്ലാ ഭരണാധികാരികള്‍ പൊതുജനതാല്പര്യം മുന്‍ നിര്‍ത്തി
കുന്നും പരിസരവും നേരിട്ട് സന്ദര്‍ശിച്ച് ഖനനം നിര്‍ത്തിവെക്കാന്‍ ഉത്തരവ് ഇറക്കുകയും കുന്നിന്റെ ദുര്‍ബലാവസ്ഥ മനസിലാക്കാന്‍ ശാസ്ത്രീയ പഠനത്തിന് ഉത്തരവ് ഇടുകയും വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പണമെറിഞ്ഞും ചില ഉദ്യോഗസ്ഥരെ വിലയ്ക്കെടുത്ത് റിപ്പോര്‍ട്ട് എഴുതിപ്പിച്ചും നേടിയ ഈ ഉത്തരവ് കാണിച്ച് ഖനനം നടത്താന്‍ കുന്നിലേക്ക് വന്നാല്‍ പൊതുജനത്തിന് നിയമം ലഘിക്കേണ്ടതായി വരും. ചെങ്കല്‍ ഖനനം മാത്രം എന്ന പിടിവാശിയില്‍ നിന്ന് പിന്മാറി പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത ഏത് ബദല്‍ പ്രൊജക്ടുമായി കുന്നിലേക്ക് വരുന്നതിനു പൊതുജനം എതിര് നില്‍ക്കില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കെ.പി.കുമാരന്, പാറയിടുക്കില്‍ കുമാരന്, പുത്തോളി കുമാരന്, കെ.പി.നാണു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

