
22 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ അന്തിമഘട്ടത്തിലാണിന്ന് വടകര. കേരളത്തിലെ ഏതൊരു റെയില്‍വേ സ്റ്റേഷനോടും കിടപിടിക്കാനാവുംവിധം മുന്‍പന്തിയിലാണ് വടകര. വലിപ്പത്തിലും വീതിയിലും മുന്നിലുള്ള ഒന്നാം പ്ലാറ്റ്ഫോം മറ്റു സ്റ്റേഷനുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഒരുപക്ഷേ ഇത്തരം പ്ലാറ്റ്ഫോമുള്ള കേരളത്തിലെ രണ്ടാമത്തെ സ്റ്റേഷനാണ് വടകര. 710 മീറ്റര്‍ നീളമുള്ള മൂന്ന് പ്ലാറ്റ്ഫോമുകള് ആണ് വടകരയിലേത്. ഇവ ഓരോന്നിലും യാത്രാവണ്ടി നിര്‍ത്തിയിടാനുള്ള സംവിധാനമുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ്; മുറവിളിക്ക് പരിഹാരം
യാത്രക്കാരുടെ മുറവിളിക്കെല്ലാം പരിഹാരവുമായാണ് ഇന്നത്തെ റെയില്‍വേ സ്റ്റേഷന് രൂപകല്പന ചെയ്തിരിക്കുന്നത്. മഴയും വെയിലും കൊള്ളാത്ത തരത്തിലുള്ള മേല്‍ക്കൂര, സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, കുടിക്കാനാവശ്യമായ വെള്ളം, പ്ലാറ്റ്ഫോമിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വൈദ്യുത വിളക്കുകളും ഫാനുകളും, സിസിടിവി ക്യാമറകള്‍, കോച്ച് പൊസിഷന്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍, നിരന്തരമുള്ള അനൗണ്‍സ്മെന്റുകള്‍, സ്റ്റേഷന് കവാടത്തില്‍ തന്നെ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ള വണ്ടികളുടെ സമയക്രമങ്ങള്‍, വണ്ടികള്‍ വരുന്ന പ്ലാറ്റ്ഫോം നമ്പറുകള്‍ ഇവയെല്ലാം ഇന്ന് സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്ടറുകളില്‍ നിന്നു ലഭിക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ പ്രൈവറ്റ് ഏജന്‍സികള്‍ മുഖേന ടിക്കറ്റ് ലഭ്യമാക്കാനുള്ള അവസരവുമുണ്ട്. മുമ്പത്തെ വടകര തന്നെയാണോ എന്നു തോന്നിപ്പോകുംവിധമാണ് കുതിപ്പ്.
‘ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ റൂഫിങ് എയര്‍പോര്‍ട്ടിനെ വെല്ലുന്നതാണ്. റെയില്‍വേ സ്റ്റേഷന്റെ പേര് എഴുതി വെച്ചതിലും കൗതുകം ജനിപ്പിക്കുന്നു. അമൃത് ഭാരത് സ്റ്റേഷന് സ്കീമിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് എസി വെയിറ്റിംഗ് ഹാള്‍. ഒരു മണിക്കൂറിനു 30 രൂപ അടച്ചാല്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. ഇതിന് യാത്ര ടിക്കറ്റ് വേണമെന്ന് മാത്രം. അസമയങ്ങളില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഈ സൗകര്യം ഉപകാരപ്രദമായിരിക്കും. ഏറ്റവും വലിയ വാഹന പാര്‍ക്കിംഗ് സംവിധാനമാണ് വടകരയിലേത്. ഇത് യാത്രക്കാര്‍ക്കുള്ള മറ്റൊരു ആശ്വാസം. ഇന്ന് 70 ശതമാനം ആളുകള്‍ക്കും സ്വന്തം വാഹനങ്ങളുണ്ട്. അവരുടെ പാര്‍ക്കിംഗ് മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം 8582 സ്ക്വയര്‍ മീറ്റര്‍
പാര്‍ക്കിംഗ് സൗകര്യം വടകരക്ക് മാത്രം സ്വന്തം.
ശരാശരി ഇരുപതിനായിരം യാത്രക്കാര്‍
ദിവസേന ശരാശരി ഇരുപതിനായിരം ആളുകള്‍ യാത്ര ചെയ്യുന്ന സ്റ്റേഷനാണ് വടകര. ഓണ്‍ലൈന്‍ ടിക്കറ്റിനു പുറമേ മൊത്തം ഒരു ദിവസത്തെ വരുമാനം നാലര ലക്ഷം രൂപയാണ്. നിലവില്‍ രണ്ട് ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, ലിഫ്റ്റ്, എസ്കലേറ്റര്‍ എന്നിീ സൗകരയം സ്റ്റേഷനില്‍ ലഭ്യമാണ്. കൂടാതെ രണ്ടാമത്തെ ഫൂട്ടോവര്‍ ബ്രിഡ്ജിന്റെ അടുത്തായി ഒരു എസ്കലേറ്ററും ഒരു ലിഫ്റ്റും അമൃതഭാരത സ്റ്റേഷന് സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനിലേക്ക് വരാനുള്ള വഴിയുടെ വീതി നന്നായി കൂട്ടിയിട്ടുണ്ട് പുറത്തുള്ള റോഡിന്റെ വീതി കൂട്ടാനുണ്ട്. സ്റ്റേഷന്റെ പ്രധാന കവാടം ഗ്രാനൈറ്റ് കൊണ്ടും ടൈല്‍സ് കൊണ്ടും മിനുക്കിയിട്ടുണ്ട്. പല ഓഫീസുകള്‍ക്കുമുള്ള പണികളും ഇനി സ്റ്റേഷനില്‍ നടക്കാനുണ്ട് .
സ്റ്റേഷന് സൗന്ദര്യവല്കരണ ഫോറം സജീവം
റെയില്‍വേ സൗന്ദര്യവല്കരണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സ്റ്റേഷന് സൗന്ദര്യവല്കരണ ഫോറം വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവിടെ രൂപവത്കരിച്ചിട്ടുണ്ട്. മുന്‍ സ്റ്റേഷന് സൂപ്രണ്ട് വത്സലന്‍ കുനിയില്‍ ഫോറം ചെയര്‍മാനും പി കെ രാമചന്ദ്രന്

മുന്‍ സ്റ്റേഷന് സൂപ്രണ്ട് വത്സലന്‍ കുനിയില്‍
സെക്രട്ടറിയുമാണ്. റെയില്‍വേ സ്റ്റേഷന് കണ്‍സള്‍ട്ടേറ്റീവ് മെമ്പര്‍മാരായ മണലില്‍ മോഹനന്, പി പി രാജന് എന്നിവര്‍ ഫോറത്തിന്റെ കോഡിനേറ്ററും കണ്‍വീനറുമാണ്. സ്റ്റേഷനിലുള്ള ഉദ്യോഗസ്ഥര്‍ മെമ്പര്‍മാരാണ്. ഈ ഫോറത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന റെയില്‍വേയുടെ സ്വച്ഛത കി സേവ എന്ന ശുചീകരണ പ്രവര്‍ത്തനത്തിന് റെയില്‍വേയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വര്ണങ്ങളാല് മുഖരിതമായ ചുമര്ചിത്രങ്ങള്ക്ക് സുലോചന മാഹിയുടെ നേതൃത്വത്തില്‍ പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്.
കണ്ടല്‍ക്കാട് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സംഘടനകളുടെ സഹായത്താല്‍ സംരക്ഷിക്കപ്പെട്ട സ്ഥലം ഇന്ന് മാലിന്യ കൂമ്പാരം മാറിയത് ദുഃഖകരമായ കാഴ്ചയാണ്. ഈ സ്ഥലം നല്ല രീതിയില്‍ സംരക്ഷിക്കണമെന്ന് ആഗ്രഹം സൗന്ദര്യവല്കരണ ഫോറത്തിനുണ്ട്.
അമൃത ഭാരത് സ്റ്റേഷന് സ്കീം പദ്ധതിയില്‍ സ്റ്റേഷനു മുന്നിലെ കുളത്തിന്റെ സൗന്ദര്യവല്കരണം ഉള്‍പ്പെടുത്തിയതും വെര്‍ട്ടിക്കല്‍ ഗാര്ഡന് വരാന്‍ പോകുന്നതും യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കും.
വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ്, പൂനെ എക്സ്പ്രസ്, അമൃതസര്‍ എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടിയാല്‍ വടകര സ്റ്റേഷന് യാത്രക്കാരുടെ പറുദീസയായി മാറും. ഇതിനായുള്ള പ്രവര്‍ത്തനമാണ് സ്റ്റേഷന് വികനത്തിനു പിന്നാലെ വേണ്ടത്.
വികസന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരം പുതുമരം വെച്ച് സ്റ്റേഷന് പരിസരം പച്ചപ്പുള്ളതാക്കുക എന്നതാണ് മുന്നിലുള്ള പ്രധാന ദൗത്യമെന്ന് സ്റ്റേഷന് സൗന്ദര്യവല്കരണ ഫോറം ചെയര്മാന് വത്സലന്‍ കുനിയില്‍ പറഞ്ഞു.
ഇത് പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരുടെയും സഹായം വത്സലന്‍ കുനിയില്‍ അഭ്യര്‍ഥിച്ചു.