എടച്ചേരി: എടച്ചേരി തണല്‍ വീട്ടിലെ 300 ഓളം അന്തേവാസികള്‍ക്ക് വേറിട്ട രീതിയില്‍ നോമ്പ് തുറ ഒരുക്കി തണല്‍ വനിതാ കൂട്ടായ്മ. സ്വന്തം വീടുകളില്‍ നിന്നു പാചകം ചെയ്ത വിഭവങ്ങളുമായാണ് വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ ഇഫ്താറിനെത്തിയത്. കുഞ്ഞി പത്തിലും ഓട്ടു പത്തിലും കല്ലുമ്മക്കായയും ഇറച്ചി പത്തിലും എന്നു വേണ്ട സ്‌പെഷ്യല്‍ വിഭവങ്ങള്‍ വനിതാ കൂട്ടായ്മ കൈമാറി. ഇവ ഏറെ ഇഷ്ടത്തോടെ തണലിലെ പ്രിയപ്പെട്ടവര്‍ കഴിച്ചു. ഓരോന്നും സ്വാദേറെയുള്ളതും ഒന്നാന്തരമാണെന്നും ഓരോരുത്തരും സാക്ഷ്യപ്പെടുത്തിയപ്പോള്‍ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് മനംനിറഞ്ഞ സന്തോഷം.
വനിതാ വിംഗ് പ്രസിഡന്റ് കെ.വി റംല, സെക്രട്ടറി ജസീറ നരിക്കാട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ ഒരുക്കിയ ഇഫ്താറില്‍ എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മിനി, സിഐ ഷിജു എസ്‌ഐ, എഎസ്‌ഐ പവിത്രന്‍, തണല്‍ കമ്മറ്റി പ്രസിഡന്റ് മൂസ കുറുങ്ങോട്ട്, സെക്രട്ടറി പി.കെ ബാബു, മാനേജര്‍ ഷാജഹാന്‍, അഡ്മിനിസ്‌ട്രേറ്റര്‍ രാജന്‍ മാണിക്കോത്ത്, തണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ എ.റഹിം, ടി.കെ.ബാലന്‍, ശ്രീധരന്‍, വത്സരാജ് മണലാട്ട്, മാധ്യമ പ്രവര്‍ത്തകന്‍ ശ്യാം സുന്ദര്‍ എടച്ചേരി എന്നിവരും നാട്ടുകാരും ഇഫ്താറില്‍ പങ്കെടുത്തു.