വടകര: അന്യം നിന്നു പോകുന്ന നാട്ടു നന്മകള് വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ പ്രതിസന്ധികളെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ ഒഞ്ചിയം
ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച നൂതന പദ്ധതിയാണ് ‘നാടിനെ അറിയുന്ന കുട്ടിക്കാലം’. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിദ്യാലയങ്ങളിലെ 4,5 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ഒന്നാം ദിവസം പ്രാദേശിക തൊഴിലിടങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, കരകൗശല നിര്‍മ്മാണ കേന്ദ്രങ്ങള്‍, ചരിത്ര പാരമ്പര്യമുള്ള ഇടങ്ങള്‍, കളരികള്‍ എന്നിവിടങ്ങളിലേക്ക് ‘നാട്ടകത്തിലൂടെ ഒരു
യാത്ര’ എന്ന പേരില്‍ പ്രാദേശിക പഠന യാത്ര നടത്തി. രണ്ടാം ദിവസം വിവിധ വിഷയങ്ങളില്‍ ഡോ: ശശികുമാര്‍ പുറമേരി, ഷിജു ആര്, രജീഷ് വാഴയില്‍, രാജേഷ് കരിമ്പന പാലം, സവിത, സുരേഷ് ബാബു എന്നിവര്‍ ക്ലാസ് എടുത്തു. ദ്വിദിന ക്യാമ്പ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. യു.എം സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. റഹീസ മൊട്ടേമ്മല്‍, പ്രമോദ് എം.എന്‍, ബിജു മൂഴിക്കല്‍, ശ്രീനേഷ് കോമത്ത്, സി.പി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.


