തലശ്ശേരി: കുളം വൃത്തിയാക്കുന്നതിനിടെ മീനിന്റെ കുത്തേറ്റുണ്ടായ അണുബാധയെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടികയിലെ പൈക്കാട്ട് കുനി രജീഷിന്റെ (38) വലതുകൈപ്പത്തിയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മുറിച്ചുമാറ്റിയത്. കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കാരണം. ഒരു മാസം മുമ്പാണ് രജീഷിന്റെ കയ്യില്‍ മീന്‍ കുത്തി മുറിവുണ്ടായത്. അണുബാധയെ തുടര്‍ന്ന് വലതുകൈപ്പത്തി മുഴുവനായി മുറിച്ചുമാറ്റേണ്ടിവന്നിരിക്കുകയാണ്.
ക്ഷീര കര്‍ഷകനാണ് രജീഷ്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീന്‍ കുത്തിയതും അണുബാധയുണ്ടായതും. ഫെബ്രുവരി പത്തിനായിരുന്നു സംഭവം. മുഷു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു. വിരല്‍ത്തുമ്പില്‍ ചെറിയ മുറിവാണ് ഉണ്ടായിരുന്നത്. വേദനയെ തുടര്‍ന്ന് നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ്
ഗുരുതരാവസ്ഥ വ്യക്തമായത്. അപ്പോഴേക്കും കൈവിരലുകളില്‍ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു. ഗ്യാസ് ഗാന്‍ഗ്രീന്‍ എന്ന അപൂര്‍വ രോഗമാണിതെന്നാണ് പറയുന്നത്. കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ നിന്ന് ബാക്ടീരിയ ശരീരത്തില്‍ കടന്നതാണ് രോഗത്തിന് കാരണമായത്. ആദ്യം രണ്ട് വിരല്‍ മുറിച്ചെങ്കിലും ആശ്വാസമില്ലെന്ന് കണ്ടതോടെയാണ് കൈപ്പത്തി പൂര്‍ണമായും നീക്കം ചെയ്തത്. ഒരു മാസത്തെ ചികിത്സക്കു ശേഷം രജീഷ് സുഖംപ്രാപിച്ചുവരുന്നു.