ആയഞ്ചേരി: ലഹരിയുടെ വഴിയില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ വേറിട്ട പാതയില്‍ ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്ററി സ്കൂള്‍ രണ്ടാം വര്‍ഷത്തിലേക്ക്. കുട്ടിപ്പോലീസിനെ പോലെ കുട്ടികളുടെ കാഡറ്റുകളെ സജ്ജമാക്കി ലഹരിക്കെതിരെ ബോധവത്കരണം നടത്താനും പൊരുതാനുമാണ് ഈ വിദ്യാലയത്തിലെ വിമുക്തി ക്ലബ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഓരോ വര്‍ഷവും എട്ടാം തരത്തിലെ 30 വിദ്യാര്‍ഥികളടങ്ങിയ ടീമിനെയാണ് സ്കൂള്‍ സജ്ജമാക്കുന്നത്. വീട്ടിലെ സാഹചര്യം മനസ്സിലാക്കി അവരുടെ താല്പര്യങ്ങള്ക്കനുസരിച്ചുള്ള കരിയര്‍ പരിശീലനം, ഇതിനായി സാമൂഹിക പഠനം, വീട് സന്ദര്‍ശനം, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ടെസ്റ്റുകള്‍, രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം തുടങ്ങിയവ നടത്തി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പദ്ധതിയുടെ ഭാഗമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രത്യേക യൂനിഫോം അണിഞ്ഞാണ് കാഡറ്റുകള്‍ രംഗത്തിറങ്ങുന്നത്. ആഴ്ചയില്‍ ഒരു ദിവസം യൂനിഫോം ധരിച്ചെത്തുന്ന വിമുക്തി കാഡറ്റുകള്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നു.
ഈ മേഖലയില്‍ വിദഗ്ധ പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി ശില്പശാലകള്ക്ക് നേതൃത്വം നല്‍കും. രണ്ടാംവര്‍ഷ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ‘വൈബ് 2025’ എന്ന പേരില്‍ ഏപ്രില്‍ 10 ന് ഏകദിന ക്യാമ്പ് നടക്കും. ആയഞ്ചേരിക്കു പുറമെ സമീപ പഞ്ചായത്തുകളായ തിരുവള്ളൂര്‍, മണിയൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ ഏഴാം തരത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ 9020707075.
ഈ വര്‍ഷം നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും വിമുക്തി കേഡറ്റ് പദ്ധതിയും എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ഗവണ്മെന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടി വിശദമായ റിപ്പോര്‍ട്ട് വടകര റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം.ശൈലേഷ് മുഖേന സംസ്ഥാന എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചതായി ഇവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രൊജക്ട് കണ്‍വീനര്‍ പി.കെ അസിസ്, പി.ടി.എ പ്രസിഡന്റ് മുനീര്‍ രാമത്ത് അംഗങ്ങളായ ഇല്ല്യാസ് മാങ്ങോട്, ഇല്ല്യാസ് കിളിയമ്മല്‍ എന്നിവര്‍ പങ്കെടുത്തു.