വടകര: സമൂഹ മാധ്യമങ്ങളിലൂടെ യുവതികളുടെ ഫോട്ടോകള്‍ ശേഖരിച്ച് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍
പ്രചരിപ്പിച്ച യുവാവിനെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ സ്വദേശിയായ ശരണ്‍ രഘു (20) എന്നയാളെയാണ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, എസ്ഐ അബ്ദുല്‍ ജലീല്‍ കെ, എഎസ്ഐ റിതേഷ് പി.കെ, എസ്സിപിഒ രൂപേഷ് പി, സിപിഒമാരായ അനൂപ് വാഴയില്‍, ലിംന.പി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ സ്ത്രീകളുടെ പ്രൊഫൈലുകളില്‍ നിന്നു ഫോട്ടോസ് ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല
ശബ്ദശകലങ്ങളോടുകൂടി എഡിറ്റ് ചെയ്ത് അശ്ലീല പേരോടുകൂടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രചരിപ്പിക്കുകയായിരുന്നു. താമരശ്ശേരി സ്വദേശികളായ നിരവധി സ്ത്രീകള്‍ പരാതികളുമായി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. വടകര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

