തിരുവനന്തപുരം; സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പള്‍ കറസ്പ്പോണ്ടന്റ് ആര്.റോഷിപാലിന്. മാധ്യമ വിഭാഗത്തിലെ അവാര്‍ഡാണ് റോഷിപാലിന് ലഭിച്ചത്. മാധ്യമപ്രവര്‍ത്തനം ഒരേസമയം നീതിപൂര്‍വ്വവും രാഷ്ട്രീയപരവും ആകണമെന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ആര്. റോഷിപാലെന്ന് ജൂറി വിലയിരുത്തി. തിരുത്തല്‍ ശക്തിയായി
മാധ്യമങ്ങള്‍ നിലകൊള്ളേണ്ടുന്ന ഒരു കാലത്ത് കേരളീയ യുവത്വത്തിന് മാതൃകാപരമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ കാണിച്ചു കൊടുക്കുന്നു എന്നതാണ് ആര്.റോഷിപാലിന്റെ സവിശേഷതയെന്നും ജൂറി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന് അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാര്‍ഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ്
കമ്മീഷന് നിയോഗിച്ച ജൂറി അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കല/സാംസ്കാരികം മേഖലയില്‍നിന്ന് സമകാലീന മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ അഭിനേത്രി നിഖില വിമല്‍ അവാര്‍ഡിനര്‍ഹയായി. ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ കേരളത്തിന്റെ സംഭാവനയായി ജ്വലിച്ചുയര്‍ന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ സജന സജീവനാണ് കായികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹയായത്. ബൗദ്ധികവ്യവഹാരങ്ങളിലും സര്‍ഗാത്മകതയിലും തന്റേതായ ഇടം കണ്ടെത്തിയ യുവ എഴുത്തുകാരന് വിനില്‍ പോളിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കണ്‍ പുരസ്കാരം.
കാര്‍ഷിക ജീവിതത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ കാസര്‍ഗോഡ് സ്വദേശിനി എം. ശ്രീവിദ്യയാണ് കാര്‍ഷികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹയായത്. വ്യവസായം/സംരഭകത്വം മേഖലയില്‍ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോണ്‍ നിര്‍മാണത്തില്‍ പെരുമ തീര്‍ക്കുന്ന ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും എം.ഡിയുമായ ദേവന് ചന്ദ്രശേഖരന് അവാര്‍ഡിനര്‍ഹയായി.
നേരത്തെ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം, പ്രഥമ കോടിയേരി ബാലകൃഷ്ണന് മാധ്യമ പുരസ്കാരം, ലയണ്‍സ് ക്ലബ് മീഡിയ അവാര്‍ഡ്, പ്രേം നസീര്‍ സുഹൃത്ത് സമിതി പുരസ്കാരം, ഹ്യൂമന്‍ റൈറ്റ്സ് ഫോറം അവാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ഫിലിം അസോസിയേഷന് അവാര്‍ഡ്, ജെ.സി ഡാനിയേല്‍ മാധ്യമ അവാര്‍ഡ്, സര്‍ഗാലയ അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ റോഷിപാലിന് ലഭിച്ചിട്ടുണ്ട്. വടകര സ്വദേശിയാണ്.
ഭാര്യ: ശ്രീന റോഷിപാല്‍, മകള്‍: ദക്ഷ റോഷിപാല്‍ (വിദ്യാര്‍ഥിനി, പട്ടം സെന്റ് മേരീസ് ഹൈസ്കൂള്‍, തിരുവനന്തപുരം).