വടകര: വടകര പുതിയാപ്പിലെ ഖരമാലിന്യ പ്ലാന്റ് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്കിന്റെയും സഹായത്തോടെ
നടപ്പിലാക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി പുതിയാപ്പില്‍ ബയോ മൈനിംങ്ങ് പ്രക്രിയ നടന്നു വരികയാണ്. 1960 കളില്‍ തുടങ്ങി 2018 വരെ ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത് പുതിയാപ്പിലാണ്. 2016 ലെ കേന്ദ്രം സര്‍ക്കാറിന്റെ ഖര മാലിന്യ പരിപാലന നിയമ പ്രകാരം മുഴുവന്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും വീണ്ടെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഗ്പൂര്‍ അസ്ഥാനമായ എസ്എംഎസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയാപ്പില്‍ ബയോ മൈനിംഗ് നടത്തുന്നത്. ജനുവരി 5 ന് തുടങ്ങിയ മൈനിംഗ് മെയ് അവസാനത്തോടെ
അവസാനിപ്പിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു, മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ സതീശന്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി പ്രജിത, വാര്‍ഡ് മെമ്പര്‍മാരായ നളിനാക്ഷന്, ഹരിദാസന്, ലീബ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സൂരജ് പി.ജി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജിതിന് നാഥ്, ഖരമാലിന്യ പരിപാലന പദ്ധതിയുടെ ജില്ലാ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ വിഘ്നേഷ് കെ.ആര് എന്നിവരും പങ്കെടുത്തു.


