വട്ടോളി: മാര്‍ച്ച് മൂന്നിന് ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഇന്‍വിജിലേറ്റര്‍മാരായി എല്‍പി, യുപി അധ്യാപകരെ നിയമിക്കുന്നതിനെതിരെ കെപിഎസ്ടിഎ രംഗത്ത്. ഇത് പ്രൈമറി വിദ്യാലയങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക കെപിഎസ്ടിഎ പങ്കുവെക്കുന്നു.
പ്രൈമറി വിദ്യാലയങ്ങളില്‍ മാര്‍ച്ചില്‍ പഠിപ്പിക്കേണ്ട പാഠഭാഗങ്ങള്‍ സുഗമമായി തീര്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തുന്നത്. സ്വന്തം വിദ്യാലയങ്ങളിലെ പരീക്ഷ നടത്തിയതിന് ശേഷം എച്ച്എസ്, എച്ച്എസ്എസ് പരീക്ഷ നടത്താന്‍ പോകുന്നത് പ്രായോഗികമായ കാര്യമല്ലെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. പഠനോത്സവങ്ങള്ക്കും വാര്‍ഷികാഘോഷങ്ങള്‍ക്കും സ്വന്തം വിദ്യാലയങ്ങളില്‍ നേതൃത്വം കൊടുക്കേണ്ട അധ്യാപകരെ മറ്റ് വിദ്യാലയങ്ങളിലേക്ക് പരീക്ഷ നടത്താന്‍ നിയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെപിഎസ്ടിഎ നാദാപുരം സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
പ്രസിഡന്റ് കെ.ലിബിത് അധ്യക്ഷത വഹിച്ചു. പി.രഞ്ജിത്ത് കുമാര്‍, വി.സജീവന്, യു.കെ.വിനോദ്, ഇ.പ്രകാശന്, സി.പി.അഖില്‍, കെ.മാധവന്, ബി. സന്ദീപ് എന്നിവര്‍ സംസാരിച്ചു.