തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ചുപേരുടെ കൂട്ടക്കൊലയില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം. നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള ബാധ്യതകള്‍ മാത്രമേയുള്ളുവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം മാധ്യമങ്ങളോട് വെളിപ്പെടുത്തി. സാമ്പത്തിക ബാധ്യതയോ പെണ്‍കുട്ടിയുമായുള്ള ബന്ധമോ ഒന്നും അറിയിച്ചിട്ടില്ലെന്നും പിതാവ് റഹീം പറഞ്ഞു. സൗദിയില്‍ ഉള്ള ബാധ്യതകള്‍ അല്ലാതെ മറ്റൊരു ബാധ്യതയും ഇല്ല. അഫാന് മറ്റു പ്രശ്നങ്ങളുള്ളതായോ ഒരു വിവരവും അറിയില്ലെന്നും റഹീം പറഞ്ഞു.
അതേസമയം, റഹീമിന് സൗദിയില്‍ കടബാധ്യതയുള്ളതിനാല്‍ നാട്ടിലേക്ക് വരാന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിതാവിന് 75 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും സഹായം ചോദിച്ചിട്ട് ആരും നല്‍കിയില്ലെന്നും ഇതിനാലാണ് കൊല നടത്തിയതെന്നുമാണ് അഫാന്റെ മൊഴി.
പ്രതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിഷം കഴിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതി അഫാന് ചികിത്സയിലായതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാനായിട്ടില്ല. പ്രതിയുടെ മൊഴിയും പിതാവിന്റെ പ്രതികരണവും തമ്മിലുള്ള വൈരുധ്യവും അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. സാമ്പത്തിക ബാധ്യതയാണെങ്കില്‍ പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയും അനുജനെയുമടക്കം കൊലപ്പെടുത്തിയത് എന്തിനാണെന്ന് ചോദ്യവും ബാക്കിയാകുകയാണ്.
അതേസമയം, ആശുപത്രിയില്‍ തുടരുന്ന അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്. പ്രതി അഫാന്റെ മൊഴി ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് മൊഴി രേഖപ്പടുത്തുന്നത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് പോലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തുന്നതില്‍ അടക്കമുള്ള തീരുമാനമെടുക്കുന്നതില്‍ ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി പോലീസ് തേടിയിട്ടുണ്ട്.