നാദാപുരം: കടത്തനാട്ടിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ പുറമേരി കാരയാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന്
ബുധനാഴ്ച തുടക്കമാകും. എട്ടു ദിവസം നീളുന്ന ഉത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 19ന് വൈകിട്ട് 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര വെള്ളൂര്‍ റോഡിലെ കരിങ്കല്‍ പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കും. തുടര്‍ന്ന് കൊടിയേറ്റവും രാത്രി 7 30ന് ദീപ പ്രോജ്വലനവും നടക്കും. 8മണിക്ക് കലൈക്കാവേരി ബിരുദ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്ത നിശ അരങ്ങേറും. വ്യാഴാഴ്ച രാത്രി ഏഴിന് ക്ഷേത്ര നവീകരണ നിധി സമര്‍പണ ചടങ്ങില്‍ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് സംഗീതാര്‍ച്ചന അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രാദേശിക കലാപരിപാടികള്‍, തായമ്പക, നൃത്ത നൃത്യങ്ങള്‍, തിരുവാതിരക്കളി, നൃത്ത സംഗീത നാടകം, ഗാനമേള
തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. 25ന് വൈകീട്ട് ആറിന് നഗരപ്രദക്ഷിണ ഘോഷയാത്രയുണ്ടാകും. 26ന് ആറാട്ട് സദ്യയോടെ തിരുവുത്സവം സമാപിക്കും.

