നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വാണിമേല്‍ പുഴയില്‍ തെരുവമ്പറമ്പ് ഭാഗത്ത് കയ്യേറ്റം നടത്തി മണ്ണിട്ട് നികത്തിയ
സംഭവത്തില്‍ സര്‍വയറുടെ പ്രാഥമിക പരിശോധന ആരംഭിച്ചു. വടകര താലൂക്ക് സര്‍വയര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പുഴ മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് ജനരോഷം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച ഇ.കെ.വിജയന് എംഎല്‍എ റവന്യു വകുപ്പിനോട് പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. സിപിഐ, ഐഎന്‍എല്‍ നേതാക്കളും പുഴ നികത്തിയ സംഭവത്തില്‍ റവന്യു വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് റവന്യു വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സര്‍വേ വിഭാഗം അറിയിച്ചു.
