ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങള്‍ അതീവപ്രാധാന്യമുള്ളതാണെന്ന് തദ്ദേശഭരണമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സൊസൈറ്റിയുടെ ഉപസ്ഥാപനമായ കോഴിക്കോട്ടെ മാറ്റര്‍ലാബ് വടകരപ്രദേശത്തു നടപ്പാക്കുന്ന സൗജന്യ കുടിവെള്ളപരിശോധനാപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
. പല കാരണങ്ങളാലും ഇന്നു ജലാശയങ്ങള്‍ മലിനപ്പെടുന്നുണ്ട്. കക്കൂസ് മാലിന്യങ്ങള്‍പോലും ജലാശയങ്ങളില്‍ എത്തുന്നു. അങ്ങനെ വളരുന്ന കോളിഫോം ബാക്റ്റീരിയകളും മറ്റു പലതരം രോഗാണുക്കളും ആരോഗ്യത്തിനു വലിയ ഭീഷണിയാണ്.
കൃഷിയുമായും വ്യവസായവുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അപകടകാരികളായ രാസവസ്തുക്കള്‍ ജലത്തില്‍ കലരാനും ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു പ്രവര്‍ത്തനം സംഘടിപ്പിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയെയും മാറ്റര്ലാബിനെയും മന്ത്രി അഭിനന്ദിച്ചു.
നിര്‍മാണരംഗത്തും സാമൂഹികസേവനമേഖലയിലും സൊസൈറ്റി നല്‍കിവരുന്ന പ്രവര്‍ത്തനങ്ങളെയും എം.ബി.രാജേഷ് പ്രശംസിച്ചു. സൊസൈറ്റി നടത്തുന്ന നിര്‍മാണങ്ങളുടെ ഗുണമേന്മയും സൊസൈറ്റിക്കു ലഭിച്ച ആഗോളാംഗീകാരങ്ങളും ഏറെ അഭിമാനകരമാണ്. അതൊന്നും കാണാതെ ഈ മാതൃകാസ്ഥാപനത്തെ കല്ലെറിയാന്‍ ഇടക്കാലത്തു ചിലര്‍ തയ്യാറായെങ്കിലും ഇന്ന് അവര്‍ അതു നിര്‍ത്തി കാര്യങ്ങള്‍ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വടകര മുനിസിപ്പാലിറ്റിയിലെയും വടകര ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട് ഗ്രാമപഞ്ചായത്തുകളിലെയും തെരഞ്ഞെടുത്ത 1000 കിണറുകളിലെ ജലസാമ്പിളുകള്‍ സൗജന്യമായി പരിശോധിക്കുന്നതാണു പദ്ധതി. പരിശോധനാഫലങ്ങള്‍ വിശകലനം ചെയ്തു സമഗ്രറിപ്പോര്ട്ടുകളും കുടിവെള്ളം സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങളും അതതു തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു നല്‍കും. മാറ്റര്‍ലാബ് എന്ന ചുരുക്കപ്പേരുള്ള മെറ്റീരിയല്‍ ടെസ്റ്റിങ് ആന്‍ഡ് റിസേര്‍ച്ച് ലബോറട്ടറി പ്രൈവറ്റ് ലിമിറ്റഡാണ് ഈ മാതൃകാപദ്ധതി നടപ്പിലാക്കുന്നത്.
കെ.കെ.രമ എംഎല്‍എ അധ്യക്ഷയായ സമ്മേളനത്തില്‍ മാറ്റര്‍ലാബ് ജനറല്‍ മാനേജര്‍ ഫ്രെഡ്ഡി സോമന് പദ്ധതി വിശദീകരിച്ചു. ചോറോട്, ഒഞ്ചിയം, അഴിയൂര്‍ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ പി.പി.ചന്ദ്രശേഖരന്, പി.ശ്രീജിത്ത്, ആയിഷ ഉമ്മര്‍, വടകര ബ്ലോക്കുപഞ്ചായത്ത് അംഗം ശശികല ദിനേഷന്, യുഎല്‍സിസിഎസ് ചെയര്മാന് രമേശന് പാലേരി, എംഡി എസ്.ഷാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ‘പുന്നാട് പൊലിക’ നാടന്പാട്ടുമേളയും നടന്നു.