നഗരസഭയിലെ അഴിത്തല മുതൽ കുരിയാടി വരെയുള്ള മൂന്ന് മത്സ്യഗ്രാമങ്ങളിലായി ആയിരകണക്കിന് മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ആവശ്യത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഉപജീവനത്തിന്റെ ഭാഗമായി മൽസ്യബന്ധനം നടത്തുന്നതിനും മറ്റു തൊഴിലിടങ്ങളിലേക്ക് പോകുന്നതിനുമുള്ള പ്രയാസത്തിന് അറുതിയാവും.
താഴെഅങ്ങാടി ഒന്തം ഓവർബ്രിഡ്ജിൽ നിന്നു തുടങ്ങി അഴിത്തല വാർഡിലെ സാൻഡ്ബാങ്ക്സ് ബീച്ചിലവസാനിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഏക റോഡാണുള്ളത്. ഈ റോഡാണ് തീരദേശത്തെ നൂറ്കണക്കിന് വീട്ടുകാർക്ക് യാത്രക്കുള്ള ഏക മാർഗം. ജില്ലയിലെ പ്രധാന ടുറിസം കേന്ദ്രമായ സാൻഡ്ബാങ്ക്സിലേക്കെത്തുന്ന സഞ്ചാരികളുടെ നൂറ് കണക്കിന് വാഹനങ്ങൾ ഈ റോഡിൽ ദിനേന ഗതാഗത കുരുക്കുണ്ടാക്കുന്നു.
ഈ സാഹചര്യത്തിലാണ് ആറ് തീരദേശ വാർഡുകളെ ബന്ധിപ്പിക്കുന്ന ബദൽ റോഡിന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി നിവേദനങ്ങളും കത്തുകളും അധികാരികളുടെ ശ്രദ്ധയിലേക്ക് എത്തുന്നത്. തീരദേശ വാർഡുകളെ ബന്ധിപ്പിക്കുന്നതും കടൽഭിത്തിയോട് ചേർന്നതുമായ റോഡ് നിർമ്മിക്കുകയെന്നത് ചിരകാല സ്വപ്നമാണ്. കാൽനൂറ്റാണ്ടായി പദ്ധതി സ്വപ്നം കണ്ട തീരദേശവാസികൾക്ക് ആശ്വാസമായി ഒടുവിൽ വികസന ഫണ്ട് ലഭിച്ചിരിക്കുകയാണ്.
അഴിത്തല വാർഡിലെ തീരദേശ പോലീസ് സ്റ്റേഷൻ മുതൽ പുറങ്കര വാർഡിലെ റേഷൻ കട വരെയുള്ള 1.50 കിലോമീറ്റർ ഭാഗത്ത് ആദ്യഘട്ടമെന്ന നിലയിൽ റോഡ് നിർമ്മിക്കുന്നതിന് ഫിഷറീസ് ഹാർബർ എഞ്ചിനിയറിങ്ങ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുക പ്രയാസകരമായ സാഹചര്യമുണ്ടായപ്പോഴാണ് എംഎൽഎയുടെ ശ്രദ്ധയിലേക്ക് വാർഡ് കൗൺസിലർ പിവി ഹാഷിം അവതരിപ്പിച്ചത്.
ദേശീയ ഗ്രാമീണ റോഡ് വികസന ഫണ്ടിൽ കെകെ രമ എംഎൽഎയുട പ്രൊപ്പോസൽ അഴിത്തല തീരദേശ റോഡ് നിർമ്മാണത്തിന് 40 ലക്ഷം രൂപയായും എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നു 10ലക്ഷം രൂപയുമാണ് നിർമ്മാണത്തിന് നൽകിയത്. വടകര നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷവും 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5ലക്ഷവും ഉൾപ്പെടെ 61ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതിക അനുമതി ലഭിച്ച പ്രവൃത്തി നടത്താൻ ഈ മാസം അവസാനത്തോടെ കഴിയുമെന്ന് കൗൺസിലർ പി.വി. ഹാഷിം പറഞ്ഞു.
കടൽ തീരത്ത് സൗന്ദര്യവൽക്കരണം നടത്തി അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, പാണ്ടികശാല, മുകച്ചേരി എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന തീരദേശ റോഡ് നിലവിൽ കുരിയാടി ചോറോട് പഞ്ചായത്ത്, ഒഞ്ചിയം പഞ്ചായത്ത്, അഴിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിലൂടെ ചോമ്പാല ഹാർബറിലേക്കും കടന്ന് പോകുന്ന തീരദേശ റോഡുകളുമായി ബന്ധിപ്പിക്കുന്നതും സാൻഡ്ബാങ്ക്സിനോട് ചേർന്ന് വരുന്ന കുഞ്ഞാലിമരക്കാർ പാലത്തോടെ കൊയിലാണ്ടി മണ്ഡലവുമായും കൊയിലാണ്ടി ഹാർബറുമായും ബന്ധിപ്പിക്കുന്ന ബദൽ പാതയായി തീരദേശ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് മുന്നേറാൻ സാധിക്കുമെന്നും തീരദേശവാസികൾ പ്രതീക്ഷിക്കുകയാണെന്നു കൗൺസിലർ ഹാഷിം പറഞ്ഞു.