കോഴിക്കോട്: ഭരണകക്ഷിയുടെ രാഷ്ട്രീയ-പ്രാദേശിക ആവശ്യങ്ങളെയാണ് യൂണിയൻ ബജറ്റ് കണക്കിലെടുക്കുന്നതെന്നും
സാധാരണക്കാരുടെ ജീവിതാവശ്യങ്ങൾ അവഗണിച്ചെന്നും ആർഎംപിഐ കേരള സംസ്ഥാന കമ്മിറ്റി ആരോപിച്ചു. കൃഷിക്കാരുടേയും തൊഴിലാളികളുടേയും തൊഴിലില്ലാത്തവരുടേയും സ്ത്രീകളുടേയും പ്രശ്നങ്ങളിലൊന്നും ക്രിയാത്മകമായ ഒരു നിർദ്ദേശവുമില്ല. ചില പ്രദേശങ്ങൾക്ക് വാരിക്കോരി നൽകിയും പല ഭാഗങ്ങളേയും അവഗണിച്ചും കക്ഷിരാഷ്ടീയ താല്പര്യങ്ങളാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്. ആദായനികുതിയിൽ ഇളവുനൽകിയതിന്റെയും ചില ഒറ്റപ്പെട്ട പദ്ധതികളുടേയും മറവിൽ വിദേശിയും സ്വദേശിയുമായ കുത്തകകൾക്ക് വാരിക്കോരി നൽകുകയാണ്. ഇൻഷൂറൻസ് മേഖലയിലെ 100 ശതമാനം വിദേശനിക്ഷേപമെന്നത് ഒരു രൂപയുടെ നിക്ഷേപം നടത്താതെ നാട്ടുകാരുടെ നിക്ഷേപങ്ങളുടെ വലിയൊരു പങ്ക്
വിദേശത്തേക്കുകടത്താനുള്ള കുറുക്കുവഴിയാണ്. ഇത് രാജ്യത്തെ ജനങ്ങളെ മുഴുവൻ ചൂഷണം ചെയ്യാൻ വിദേശകമ്പനികൾക്കു വഴിയൊരുക്കുന്ന ചതിക്കുഴിയാണ്. രാജ്യത്തിനുള്ളിലെ മൂലധന സമാഹരണത്തെ പിറകോട്ടടിപ്പിക്കുന്ന ഈ നിർദ്ദേശം പിൻവലിക്കണമെന്ന് ആർഎംപിഐ ആവശ്യപ്പെട്ടു.


ഗ്രാമീണ കടാശ്വാസം വേണം
രാജ്യത്തെ ഗ്രാമീണ മേഖലയേയും ചെറുകിട കച്ചവടക്കാരേയും ബാധിച്ച അതിരൂക്ഷമായ കടബാധ്യതയിൽ ആശ്വാസം നൽകാൻ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് ആർഎംപിഐ ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ തൊഴിൽ – വരുമാനനഷ്ടം ഉണ്ടാക്കിയ കടക്കെണിയിൽ ഗ്രാമീണ ജനത നട്ടം തിരിയുകയാണ്. ചെറുകിട വായ്പകളുടെ തിരിച്ചടവ്പ്രശ്നം ബാങ്കുകളേയും ബാധിക്കുന്നുണ്ട്. സർക്കാർ സഹായമില്ലാതെ ഗ്രാമീണ ജനതക്കും ചെറുകിടക്കാർക്കും കരകയറാനാവില്ല. അതിനായി പ്രത്യേക പദ്ധതി അടിയന്തിരമായി നടപ്പാക്കണം. അതിനായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും രംഗത്തു വരണമെന്ന് ആർഎംപിഐ അഭ്യർഥിച്ചു.