വടകര: അനാഥരാക്കരുത് മാതാപിതാക്കളെ എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് ഇത്തവണ ഹരിതാമൃതം 15-ാം വാര്‍ഷികം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രവരി ആറു മുതല്‍ 11 വരെ വടകര ടൗണ്‍ഹാളിലാണ് പരിപാടി. ആറിന് മൂന്നു മണിക്ക് കോഴിക്കോട് സര്‍വ്വകലാശാല മുന്‍വൈസ്ചാന്‍സലര്‍ ഡോ.കെ.കെ.എന്‍.കുറുപ്പ് ഉദ്ഘാടനം ചെയ്യും. മികച്ച വനിതാ കര്‍ഷക സ്ലെസി ഏറാമല, അപസ്മാര ചികിത്സകന് മലയില്‍ ദാമോദരന്‍ വൈദ്യര് എന്നിവര്‍ക്ക് ആദരവ് നല്‍കും. ബ്രോഷര്‍ പ്രകാശനം മുന്‍മന്ത്രി സി. കെ നാണു നിര്‍വ്വഹിക്കും. വിവിധ തുറകളിലുള്ളവര്‍ പ്രസംഗിക്കും. 11 ന് സമാപിക്കുന്ന പരിപാടിയില്‍ എല്ലാ ദിവസവും വിവിധ വിഷയങ്ങളെ കുറിച്ച് വിദഗ്ധര്‍ പ്രഭാഷണം നടത്തും.
ഫെബ്രവരി 7 ന് കാലത്ത് 10 മണിക്ക് റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മ സംഘടിപ്പിക്കും. റിട്ട:റെയില്‍വെ സ്റ്റേഷന്മാസ്റ്റര് കുനിയില്വത്സലന് കൂട്ടായ്മക്ക് നേതൃത്വം നല്‍കും. ‘ശാസ്ത്രീയവും ആരോഗ്യകരവുമായ ജീവിതരീതിയും,ഭക്ഷണ രീതിയും’ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ പ്രചാരകന് എം.സനൂപിന്റെ പഠനക്ലാസ്സ് ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് 2 മണിക്ക് ‘പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ശില്‍പ്പശാലയ്ക്ക് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും, മുന്‍ ജലവകുപ്പ് ഡയറക്ടറുമായ ഡോ.വി.സുഭാഷ്ചന്ദ്രബോസ് നേതൃത്വം നല്‍കും.
വൈകുന്നേരം 4മണിക്ക് ദിവംഗതനായ : ഹരിതാമൃതം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.ബാലന്മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റിന്റെ വിതരണം വടകരനഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു നിര്‍വ്വഹിക്കും. ചരിത്രഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം 6മണിക്ക് കെ.തങ്കച്ചന്വൈദ്യരുടെ പ്രഭാഷണം. വിഷയം:ഔഷധസസ്യങ്ങളുടെ പ്രാധാന്യം.
എട്ടിന് കാലത്ത് 10 മണിക്ക് ഓയിസ്ക വടകര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘കാര്‍ബണ്‍ വിപണനപദ്ധതി- കര്‍ഷകര്‍ക്ക് അധിക വരുമാനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ സംസ്ഥാന കൃഷിവകുപ്പ് അസി:ഡയറക്ടര്‍ പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. എം.അരവിന്ദ്ബാബു
(ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഓയിസ്ക ഇന്റര്‍നേഷണല്‍, ടോക്കിയോ, ജപ്പാന്) മുഖ്യാതിഥിയാകും. ഓയിസ്ക സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.കെ.നളിനാക്ഷന് വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക്ശേഷം 2മണിക്ക് ‘അനാഥരാക്കരുത്. മാതാപിതാക്കളെ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ കോഴിക്കോട് എന്‍ഐടിയിലെ ആര്‍ക്കിടെക്ടര്‍ പ്രൊഫസറും സെന്റര്‍ ഫോര്‍ യോഗ& ഹോളിസ്റ്റിക് വെല്‍നസ് ചെയര്‍പേഴ്സണുമായ ഡോ:എ.കെ.കസ്തൂര്‍ബ ഉദ്ഘാടനം ചെയ്യും. ആയുര്‍മന്ത്ര ഹോസ്പിറ്റല്‍ & ഹോളിസ്റ്റിക് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ്ഡയറക്ടര്‍ ഡോ.എം.കെ.രശ്മി അധ്യക്ഷത വഹിക്കും. മടപ്പള്ളി ഗവ: കോളേജ് റിട്ട:പ്രിന്‍സിപ്പല്‍ പ്രൊഫ:ടി.വി.അബ്ദുനൂര്‍, മെഡിറ്റേഷന്‍ ഗൈഡ് ഷെര്‍ലി ശുകന് തുടങ്ങിയവര്‍ വിഷയാവതരണം നടത്തും.
വൈകുന്നേരം 5 മണിക്ക് മര്മവൈദ്യ ഗുരുനാഥന്, ഡോ:എ.കെ.പ്രകാശന് ഗുരുക്കള്‍ ‘ഔഷധരഹിതമര്മ്മചികിത്സ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ഒമ്പതിന് കാലത്ത് പത്ത് മണിക്ക് സമുദ്ര ആയുര്‍വ്വേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും കൊച്ചി സര്‍വ്വകലാശാലയുടെ മുന്‍ സെനറ്റ്അംഗവുമായ ആര്.എസ്.ഭാസ്കര്‍ പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്യും. റിട്ട:ഡി.വൈ.എസ്.പി. പി.പി.ഉണ്ണികൃഷ്ണന് വിഷയാവതരണം നടത്തും. കേരള സര്‍വ്വകലാശാലയില്‍ നിന്നും നഴ്സിംഗ് സൂപ്പര്‍വൈസറായി റിട്ടയര്‍ ചെയ്ത എ.കെ.വിനോദ, ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്കാരം ലഭിച്ച റിട്ട:സബ് ഇന്‍സ്പെക്ടര്‍ വിദ്യാധരന് ചേര്‍ത്തല, ആയുര്‍വ്വേദ ഗവേഷക ഡോ.ദീപ്തി സാത്വിക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. തയ്യുള്ളതില്‍ രാജന് അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ എം.വി. ജനാര്ദ്ദനന് വൈദ്യര് ‘മഞ്ഞള്മഹാത്മ്യം’ ലക്ഷമണന് വൈദ്യര് ‘ആയൂര്വ്വേദചികിത്സയുടെ പ്രാധാന്യം’ , കെ.വി.മുഹമ്മദ്ഗുരുക്കള്‍ ‘കളരി മര്‍മ്മചികിത്സ’ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കും.
വൈകുന്നേരം 5 മണിക്ക് മികച്ച ജൈവ കര്‍ഷകനും, നാടന്‍ കന്നുകാലി പരിപാലകനുമായി മഹാത്മദേശസേവ എഡ്യൂക്കേഷണല്‍& ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഹരിതാമൃതം പുരസ്കാരദാനം കെ.കെ.രമ എം.എല്‍.എ. നിര്‍വ്വഹിക്കും. വി.എ.ദിനേശന് പുരസ്കാരം ഏറ്റുവാങ്ങും.
10-ന് കാലത്ത് പത്ത്മണിക്ക് കേരള ജൈവകര്‍ഷക സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കും. ‘ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ദോഷവശങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അടഒഅ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എസ്.ഉഷ ഉദ്ഘാടനം ചെയ്യും. ഒരേ ഭൂമി ഒരേ ജീവന്, പ്രസിഡന്റ് വി.അശോകകുമാര്‍ വിഷയം അവതരിപ്പിക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ ‘എണ്ണപ്പലഹാരങ്ങള്‍ വിഷമാകരുത്’ എന്ന വിഷയം കേരള ജൈവകര്‍ഷകസമിതി പ്രസിഡന്റ് സി.വിശാലക്ഷന്മാസ്റ്ററും ‘ഊര്വ്വരമണ്ണിലെ കൃഷിയും,ആരോഗ്യവും’ എന്ന വിഷയം ഒരേ ഭൂമി ഒരേ ജീവന് ജനറല്‍ സെക്രട്ടറി നര്‍ഗ്ഗീസ് ടീച്ചറും അവതരിപ്പിക്കും. വൈകു 5 മണിക്ക് ജനാരോഗ്യ പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.സുഗതന് ‘മരുന്ന് കമ്പനികളുടെ മനുഷ്യത്വവിരുദ്ധത’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തും.
11-ന് കാലത്ത് 10 മണിക്ക് നടക്കുന്ന ആരോഗ്യ സെമിനാര്‍ വടകര നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി കാലത്ത് വടകര നഗരസഭാ സെക്രട്ടിയായിരുന്ന സംസ്ഥാന ഗവണ്മെന്റ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്ത പി.വേണുഗോപാല്‍ ഉല്‍ഘാടനം ചെയ്യും. ജനകീയാസൂത്രണ പദ്ധതിയുടെ വടകര നഗരസഭാ കോ-ഓഡിനേറ്റര്‍ ആയിരുന്ന മണലില്‍ മോഹനന്, കാര്‍ഷിക മേഖലയില്‍ പ്രത്യേക ഇടപെടല്‍ നടത്തിയ റാണി പബ്ലിക്ക് സ്കൂള്‍ ചെയര്മാന് വി.ആര്.കൃഷ്ണന് , ദിനേശ് ഫുഡ്സ് പ്രസിഡണ്ടും മുന്‍ നഗരസഭാ കൗണ്‍സിലറുമായ എം.ഭാസ്കരന് എന്നിവര്‍ക്ക് ആദരവ് നല്‍കും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഐഎംഎയുടെ നമ്മുടെ ആരോഗ്യം മാസികയുടെ മുഖ്യപത്രാധിപനായ ഡോ.എം.മുരളീധരന് , ‘ആരോഗ്യ മേഖലയില്‍ കേരളത്തില്‍ എന്ത് സംഭവിക്കുന്നു ?’ എന്ന വിഷയം അവതരിപ്പിക്കും. വിവിധ ചികില്‍സാ ശാഖകളിലെ വിദഗ്ദ്ധര്‍ സെമിനാറില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രമേശന് പാലേരി ഉദ്ഘാടനം ചെയ്യും. ഹരിതാമൃതം ചെയര്മാന് പി.പി.ദാമോദരന്‍ അദ്ധ്യക്ഷം വഹിക്കും. വടകരയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിക്കും.
വൈല്‍ഡ് ഫോട്ടോഗ്രാഫര്‍ ബിജുകാരക്കോണം (തിരുവനന്തപുരം) അതിസാഹസികമായി വനത്തില്‍ നിന്നുമെടുത്ത ഫോട്ടോകള്‍ ഹരിതാമൃതത്തില്‍ പ്രദര്‍ശിപ്പിക്കും. ചിത്രകലാ അധ്യാപിക അനുശ്രീ ചോറോടിന്റെ ചിത്രപ്രദര്‍ശനം, മോഹനന് മോഹനാലയം & പാര്‍ട്ടി അവതരിപ്പിക്കുന്ന ഗാനാഞ്ജലി,
റസാഖ് കല്ലേരിയുടെ ഏകാങ്കനാടകം, ഗവ:ഹയര്‍സെക്കണ്ടറി സ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനി റിഥിക.എസ് അവതരിപ്പിക്കുന്ന മോണോആക്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കും.
നാട്ടുമാവുകളുടെയും പിലാവുകളുടെയും മറ്റും ഒട്ടുതൈകള്‍ വികസിപ്പിച്ചെടുത്ത് ലോകോത്തര ശ്രദ്ധ നേടിയ ആര്.കെ. ശ്രീധരന് വള്ളിത്തോടിന്റെ മലനാട് നഴ്സറിയുടെയും അക്ഷരാര്‍ഥത്തില്‍ കൃഷിയില്‍ ഭഗീരഥപ്രയത്നം നടത്തി വിജയം വരിച്ച വലിയ നിലയിലുള്ള സാമൂഹ്യ അംഗീകാരം നേടിയെടുത്ത സുജാത ഗുരുവായൂരിന്റ ചീരസ്ക്വാഷിന്റെയും പവലിയന് അടക്കം നിരവധി സവിശേഷമായ പവലിയനുകള്‍ ഹരിതാമൃതം’25ല്‍ ഉണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ടി.ശ്രീനിവാസന്, പി.പി.ദാമോദരന്‍, പ്രൊഫ കെ.കെ.മുഹമ്മദ്, പുറന്തോടത്ത് ഗംഗാധരന്, വി.പി.രമേശ് എന്നിവര്‍ പങ്കെടുത്തു