ഉജ്ജ്വല തുടക്കം. പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ രാവിലെ പൊളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശരിയായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായാൽ മുന്നേറാനാവും എന്നതിന് ഏറ്റവും നല്ല ഉദ്ദാഹരണമാണ് ശ്രീലങ്കയിലെ വിജയമെന്ന് പിണറായി വിജയൻ പറഞ്ഞു. സോഷ്യലിസത്തിന് തിരിച്ചടി നേരിട്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. ലോകത്ത് അഞ്ചിൽ ഒന്ന് ജനങ്ങൾ ഇപ്പോഴും കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിലാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. മതാധിഷ്ഠിതവും ജനാധിപത്യ വിരുദ്ധവുമായ നയം തുടരുന്ന കേന്ദ്രസർക്കാർ കോർപറേറ്റുകളെ കല വറയില്ലാതെ തുണക്കുകയാണ്. ഇത് ജനങ്ങളിൽ വലിയ അന്തരം സൃഷ്ടിക്കുന്നു. ഇതിനെതിരായ പോരാട്ടം അനിവാര്യമാണെന്ന് പിണറായി പറഞ്ഞു. മൂന്നുദിവസത്തെ സമ്മേളനത്തിൽ തെരഞ്ഞെടുത്ത 439 പേരുൾപ്പെടെ അഞ്ഞൂറിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ. പി ജയരാജൻ, പി. കെ ശ്രീമതി, എ. കെ ബാലൻ, എളമരം കരീം, പി. സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി.എ മുഹമ്മദ് റിയാസ്, പി.കെ ബിജു എന്നിവരും പങ്കെടുക്കുന്നുണ്ട്.
അര ലക്ഷം പേരുടെ റാലിയോടെ സമ്മേളനം 31ന് വൈകിട്ട് സമാപിക്കും. വൈകിട്ട് നാലിന് 25,000 റെഡ് വളന്റിയർമാർ അണിനിരക്കുന്ന മാർച്ച് ആരംഭിക്കും. സീതാറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
…