പയ്യോളി: തിക്കോടിയില്‍ കല്ലകത്ത് ഡ്രൈവ് ഇൻബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര് തിരയില്‍പെട്ട് മരിച്ചു. വയനാട്ടില്‍
നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലുള്ളവരാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. 24 അംഗ സംഘത്തിലെ അഞ്ചുപേരാണ് അപകടത്തില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. കൽപ്പറ്റ സ്വദേശികളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്.
കടലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ പെട്ടെന്ന് അഞ്ച് പേര് തിരയില്‍പ്പെടുകയായിരുന്നു. ബീച്ചിലുണ്ടായിരുന്നവര്‍ ഉടന്‍ കൊയിലാണ്ടി അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളെ കണ്ടെത്തി. പിന്നീടാണ് ബാക്കി നാല് പേരെയും കണ്ടെത്തിയത്. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.