ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഏറാമല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓര്‍ക്കാട്ടേരി കന്നുകാലി ചന്തക്ക് ഞായറാഴ്ച തുടക്കം. ക്ഷേത്രത്തില്‍ കൊടി ഉയരുന്നതോടെ ആരംഭിക്കുന്ന ചന്തയ്ക്ക് മേളക്കൊഴുപ്പേകാന്‍ 350 ല്‍ പരം കച്ചവട സ്റ്റാളുകളും മറ്റു വിനോദ പ്രദര്‍ശന പരിപാടികളും സജ്ജമാക്കിയിട്ടുണ്ട്. ചന്തയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചന്തകമ്മിറ്റി ചെയര്മാന് ടി.പി.മിനിക, ജനറല്‍ കണ്‍വീനര്‍ ഷുഹൈബ് കുന്നത്ത്, വര്‍ക്കിംഗ് ചെയര്മാന് എം.കെ.ഭാസ്കരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ പ്രദേശത്തുകാര്‍ എല്ലാവരും കുടുംബ സമേതം ഇനി ഓര്‍ക്കാട്ടേരി ചന്തയിലെത്തും. വടക്കെ മലബാറിലെ തന്നെ പ്രശസ്തമായ ഈ ചന്തയില്‍ കാലികളുടെ വ്യാപാരത്തിന് പുറമെ വിനോദ പ്രദര്‍ശനങ്ങള്‍ കാണുന്നതിനും ആവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി. പഴയകാലത്തെ അപേക്ഷിച്ചിട്ട് കാലികളുടെ എണ്ണത്തില്‍ വന്കുറവുണ്ടെങ്കിലും ഓര്‍ക്കാട്ടേരി ചന്ത കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച് വര്‍ഷം തോറും നല്ല നിലയില്‍ നടന്നു വരുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
ഫെബ്രുവരി അഞ്ചു വരെ നീണ്ടുനില്‍ക്കുന്ന ചന്തയില്‍ ഇത്തവണ ഇന്ത്യയില്‍ ഏറ്റവും വലുപ്പമേറിയ 350 ഡിഗ്രി സൂപ്പര്‍ റിയാലിറ്റി ഡും വളരെ പ്രത്യേകത ഉളളതാണ്. ദുബായിലും ലാസ് വെഗാസിലുമുളള മായക്കാഴ്ചകള്‍ കണ്ണട ഇല്ലാതെ തന്നെ 12-ഡി പ്രഭാവത്തില്‍ വീക്ഷണസുഖം തരും. കൂടാതെ അംബരം ചുംബിക്കുന്ന പടുകൂറ്റന്‍ ജയിന്റ് വീല്‍, നെടുവീര്‍പ്പ് ഉയര്‍ത്തുന്ന ആകാശതോണികള്, യുവതിയുവാക്കളെ ഹരം കൊളളിക്കുന്ന അതിസാഹസിക അഭ്യാസപ്രകടനങ്ങളുമായി മരണക്കിണര്‍, കുട്ടികളെയും മുതിര്‍ന്നവരെയും ത്രസിപ്പിക്കുന്ന ഡ്രാഗണ്‍ ട്രെയിന്‍, തമ്മില്‍ തട്ടി എന്ന് തോന്നിപ്പിക്കും വിധം അതിവേഗതയിലുളള ബ്രേക്ക് ഡാന്‍സുമുണ്ട്. കുട്ടികള്‍ക്ക് മാത്രമായി പത്തിലധികം റൈഡുകളുമുണ്ട്.
1989 മുതല്‍ നടത്തിവരുന്ന ചന്തയുടെ വരുമാനം ഉപയോഗിച്ച് ടാക്സി സ്റ്റാന്റ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന്, ആയുര്‍വ്വേദ ആശുപത്രി, ഹോമിയോ ആശുപത്രി, ബഡ്സ് സ്കൂള്‍, മാലിന്യ സംസ്കരണ പ്ലാന്റ് എന്നീ സ്ഥാപനങ്ങള്‍ക്ക് സ്ഥലം നല്‍കുന്നതിനും ചന്ത നടത്തിപ്പിനും മറ്റു പൊതു ആവശ്യങ്ങള്‍ക്കുമായി ഏകദേശം രണ്ടര ഏക്കര്‍ സ്ഥലം വിലയ്ക്ക് വാങ്ങുന്നതിനും ഇതിനകം കഴിഞ്ഞിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഒ.കെ.കുഞ്ഞബ്ദുള്ള, കോട്ടയില്‍ രാധാകൃഷ്ണന്, ആര്.കെ.ഗംഗാധരന്, ഇല്ലത്ത് ദാമോദരന്‍, എ.കെ.ബാബു, ടി.എന്‍.കെ.ശശീന്ദ്രന്, പി.രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.