വ്യാപാരികകളുടെ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങും. റേഷൻ വ്യാപാരികളുടെ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൽ വടകര താലൂക്കിലെ റേഷൻ വ്യാപാരികളും പങ്കെടുക്കുമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അനിശ്ചിത കാല സമരത്തിൻ്റെ ഭാഗമായി 27 മുതൽ വടകര താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണാ സമരവും നടക്കും. 2018 ൽ വന്ന വേതന പാക്കേജ് അപര്യാപ്തമായതിനാൽ ആറ് മാസത്തിനകം പുതുക്കി നിശ്ചയിക്കുമെന്ന സർക്കാർ ഉറപ്പിലാണ് വ്യാപാരികൾ അംഗീകരിച്ചത്. നിലവിൽ അയ്യായിരം രൂപ പോലും വരുമാനം കിട്ടാത്ത അവസ്ഥയിലാണ് വ്യാപാരികൾ റേഷൻ കട നടത്തുന്നത്.
കഴിഞ്ഞ മൂന്നു മാസമായി ഈ ആവശ്യം ഉന്നയിച്ച് വ്യാപാരികൾ വിവിധ സമരപരിപാടികൾ നടത്തി. വേതന പാക്കേജ് സംബന്ധിച്ച കമ്മീഷൻ റിപ്പോർട്ടിലും സർക്കാർ തീരുമാനം ഉണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ നയത്തിൽ ഭീഷണി നേരിടുന്ന റേഷൻ സംവിധാനം കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കേണ്ട ചുമതല സംസ്ഥാന സർക്കാറിനുണ്ട്.
ഏഴ് വർഷം കഴിഞ്ഞ വേതന പാക്കേജ് പുതുക്കണമെന്നാവശ്യപ്പെട്ട് വിവിധ സമരങ്ങൾ നടന്നിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരമെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.പി. ബാബു, എം.പി. ബാബു, ടി. മോഹനൻ, എൻ. സജീവൻ, എം.കെ. ബാലൻ എന്നിവർ പങ്കെടുത്തു.