നികത്തിയുള്ള അനധികൃത കയ്യേറ്റം പൂര്‍ത്തിയായതോടെ നടപടിയുമായി ഉദ്യോഗസ്ഥര്‍. സമര പരമ്പരകളുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. പുഴ കയ്യേറി നികത്തുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി മാധ്യമങ്ങളില്‍ വാര്‍ത്തകളും വിവിധ ഓഫീസുകളില്‍ പരാതികളും നല്‍കിയിരുന്നു.
എന്നാല്‍ പരാതികള്‍ കണ്ടില്ലെന്ന് നടിച്ച ഉദ്യോഗസ്ഥര്‍ കയ്യേറ്റം പൂര്‍ത്തിയാതോടെ പതുക്കെ നടപടികളുമായി സ്ഥലത്തെത്തി. തെരുവന്‍ പറമ്പ് വയോജന പാര്ക്കിന് സമീപമാണ് പുഴ മണ്ണിട്ട് നികത്തി സ്വകാര്യ വ്യക്തിയുള്‍പ്പെടെ ഉള്ളവര്‍ അനധികൃത നിര്‍മാണം നടത്തിയത്. സര്‍ക്കാറിന്റ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഭൂമിയിലാണ് അനധികൃത നിര്‍മാണം.
ഈ ദിവസങ്ങളില്‍ ജെസിബിയും ടിപ്പറുകളും ഇറക്കി രാത്രിയില്‍ ഉള്‍പ്പെടെ പുഴയോരം മണ്ണിട്ട് നികത്തല്‍ പ്രവൃത്തി നടത്തി.
വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ കുതിച്ചെത്തിയ മലവെള്ളം കരകവിഞ്ഞ് സംഹാര താണ്ഡവമാടിയ ഈ പുഴയില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി മണ്ണിട്ട് നികത്തുന്ന പ്രക്രിയ വന്‍ പാരിസ്ഥിതികാഘാതത്തിന് വഴിവെച്ചേക്കുമെന്ന തിരിച്ചറിവില്‍ പരിഹാരത്തിനായി ജനങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. നാദാപുരം വില്ലേജ് ഓഫിസര്‍, വടകര തഹസില്‍ദാര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും പരാതി നല്കി. ഒരാഴ്ചയായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ഇന്നലയോടെ കൈയേറ്റവും നികത്തല്‍ പ്രക്രിയയും പൂര്‍ണമായി അവസാനിച്ചു.
കയ്യേറ്റക്കാരുടെ ഉദ്ദേശം പൂര്‍ത്തിയായതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനും നടപടികള്‍ക്കും പിന്നാലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങി. കയ്യേറ്റത്തിന്റെ പിന്നാമ്പുറ കഥകള്‍ മുന്‍കൂട്ടി അറിഞ്ഞ സിപിഐ, ഐഎന്‍എല്‍. സംഘടനകള്‍ നേരത്തെ തന്നെ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു.
കയ്യേറ്റം കണ്ടില്ലെന്ന് നടിച്ച ഇറിഗേഷന്‍ അധികൃതര്‍ എംഎല്‍എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടപടികളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ കെഎസ്കെടിയു, ഡിവൈഎഫ്ഐ, ബിജെപി നേതൃത്വവും സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ആഹ്വാനങ്ങളുമായി രംഗത്തെത്തി.
വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും ഔദ്യോഗിക വാഹനങ്ങളില്‍ എത്തുകയാണ്.
ഒരാഴ്ച മൗനം പാലിച്ച ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ വരവ് എന്തിനാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. കളിസ്ഥലം നിര്‍മാണത്തിനാണ് പ്രവൃത്തിയെന്ന് പഞ്ചായത്ത് അവകാശപ്പെടുമ്പോഴും കല്യാണ മണ്ഡപ നിര്‍മാണവും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണവുമാണ് പുഴ കയ്യേറ്റത്തിന് പിന്നില്ലെന്നാണ് അണിയറയിലെ സംസാരം.