കരുവഞ്ചേരിയിലെ തെക്കയിൽ അനഘക്ക് ഇലക്ട്രിക്ക് വീൽ ചെയർ ലഭിച്ചത് ജീവിതത്തിലെ വലിയ ആശ്വാസമായി. മണിയൂരിലെ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവാണ് സ്ഥാപനത്തിന്റെ പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസികളായ ചില സുമനസ്സുകളുടെ സഹായത്താൽ അനഘയുടെ ആവശ്യം സാക്ഷാൽകരിച്ചത്.
മുമ്പ് കാരുണ്യം വീൽ ചെയർ നൽകിയിരുന്നു. എന്നാൽ വീടിന്റെ പണി പൂർത്തിയാവാത്തതിനാൽ വീട്ടിനുള്ളിൽ പോലും സഞ്ചാരം പരിമിതമായിരുന്നു. കഴിഞ്ഞ 28 വർഷമായി അനഘ വീട്ടിനുള്ളിൽ തന്നെയാണ്. പ്രധാന റോഡിൽ നിന്നും അനഘയുടെ വീട്ടിലെത്താൻ ഏതാണ്ട് 60 മീറ്റർ ദൂരമേയുള്ളൂ. റോഡ് കോൺക്രീറ്റ് ചെയ്യുകയോ ടാർ ചെയ്യുകയോ ചെയ്താൽ ഇലക്ട്രിക് വീൽചെയറിലൂടെ അനഘക്ക് പുറം ലോകം കാണാനാവും.
ഈ റോഡ് ഉടനെ കോൺക്രിറ്റ് ചെയ്തെങ്കിലും നന്നാക്കണമെന്ന് അനഘയുടെ കുടുംബം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനോട് അഭ്യർഥിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ് വീൽ ചെയർ കൈമാറി. പ്രമോദ് മൂഴിക്കൽ, പി.കെ.റഷീദ്, സി.എം.വിജയൻ, ജയശ്രീ, സിമിഷ എന്നിവർ സംസാരിച്ചു.