പലതും കൈമോശം വന്നു പോകുന്ന വര്‍ത്തമാന യുഗത്തില്‍ ഇതിനെ ചെറുക്കാന്‍ പരസ്പര സ്നേഹത്തിലൂന്നി നില്ക്കുക എന്ന പ്രതിവിധി മാത്രമേ മുന്നിലുള്ളു എന്ന തിരിച്ചറിവില്‍ അത്തരത്തില്‍ ചിന്തിക്കുന്നവരുടെ കൂട്ടായ്മയ്ക്കായി കുറ്റ്യാടി ഒരുങ്ങുന്നു.
രാജ്യം നിലനില്ക്കാന് മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവും ഉള്‍പ്പടെ ഭരണഘടനാ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനായി ഗാന്ധി ദര്‍ശനത്തിലൂന്നി ‘സബര്‍മതി ‘സാംസ്കാരിക വേദിക്കാണ് ജനുവരി 26 ഞായറാഴ്ച റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുന്നത്. കുറ്റ്യാടി എംഐയുപി സ്കൂളിലാണ് ആശയ സംവാദങ്ങളുടെ പുതു കാലത്തിനായി നാട് ഒന്നാകെ ഒത്തുചേരുന്നത്.
26 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ല മുഖ്യാതിഥിയാവും. ചടങ്ങില്‍ പിസിഐ ദേശീയ ജേണലിസം എക്സലന്‍സ് അവാര്‍ഡ് ജേതാവും മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടറുമായ എ.കെ.ശ്രീജിത്തിനെ അനുമോദിക്കും.
11 മണിക്ക് ‘അഹിംസയുടെ ചരിത്രം ‘ എന്ന വിഷയത്തില്‍ കല്‍പ്പറ്റ നാരായണനും 12 മണിക്ക് ‘ഗാന്ധിയന്‍ മതനിരപേക്ഷത വര്‍ത്തമാന ഇന്ത്യയില്‍ എന്ന വിഷയത്തില്‍ പി.ഹരീന്ദ്രനാഥും 2 മണിക്ക് ‘ സ്ത്രി, സമൂഹം, സ്വാതന്ത്ര്യം, ഭരണഘടന” എന്ന വിഷയത്തില്‍ ഡോ: എം.ഹരിപ്രിയയും 3.30 ന് ‘ഭരണഘടനയും വെല്ലുവിളികളും ‘ എന്ന വിഷയത്തില്‍ പ്രൊഫ: കെ.എന്‍.എ.ഖാദറും സംവദിക്കും.
സബര്‍മതി ബ്രോഷര്‍ കുറ്റ്യാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക എ.കെ.ഷിംനയ്ക്ക് കൈമാറി എഴുത്തുകാരന് ജയചന്ദ്രന് മൊകേരി നിര്‍വ്വഹിച്ചു. ചെയര്മാന് എസ്.ജെ.സജീവ് കുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ ബാലന് തളിയില്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.പി.ദിനേശന്, ട്രഷറര്‍ ജി.മണിക്കുട്ടന്, ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, ജെ.ഡി. ബാബു, അനീഷ പ്രദീപ്, സജിഷ എടക്കുടി, ആര്.അശ്വതി, ജി.കെ.വരുണ്‍ കുമാര്‍, പി.കെ.ഷമീര്‍, രമേശ് ബാബു കാക്കന്നൂര്, ഹരീന്ദ്രന്‍ വാഴയില്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.