നാദാപുരം: നാദാപുരം ആറാം വാര്‍ഡിലെ തെരുവമ്പറമ്പ് ചേരിക്കമ്പനി, കിണമ്പ്രകുന്ന്, ഗവ കോളജ് ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം
രൂക്ഷം. പുഴയോരത്തും കുന്നിന്‍ പ്രദേശങ്ങളിലുമുള്ള വീടുകളിലാണ് പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ പന്നികള്‍ സൈ്വരവിഹാരം നടത്തുന്നത്. സ്‌കൂളുകളിലും മദ്രസകളിലും പഠിക്കുന്നവരേയും രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്നവരെയും പന്നികള്‍ ആക്രമിക്കുന്നതായി പരാതിയുണ്ട്. നേരത്തെ നാദാപുരം പഞ്ചായത്തിലെ ഇയ്യങ്കോട്, വാണിമേല്‍ പഞ്ചായത്തിലെ ചേലമുക്ക് പ്രദേശങ്ങളില്‍ പന്നി ശല്യം രൂക്ഷമായിരുന്നു. നാദാപുരത്ത് നിരവധി പന്നികളെ വെടിവെച്ച് കൊന്നിട്ടുണ്ട്. പന്നി ശല്യം ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഭര്‍ത്താക്കന്മാര്‍ക്ക് ജോലിക്ക് പോകാനുള്ള സാഹചര്യം
ഒരുക്കപ്പെടണമെന്നും വീട്ടമ്മമാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലിയോട് അഭ്യര്‍ഥിച്ചു. തെരുവമ്പറമ്പ് സ്റ്റേഡിയം നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയപ്പോഴാണ് ഒരു കൂട്ടം വീട്ടമ്മമാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ നേരില്‍ കണ്ടു പരാതി ബോധിപ്പിച്ചത്. പരാതി ഗൗരവമുള്ളതാണെന്നും അടിയന്തിരമായി പന്നികളെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് ഇറക്കുമെന്നും പ്രസിഡന്റ് ഉറപ്പ് നല്‍കി.

