മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ നടക്കുന്ന ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന് കോണ്‍ക്ലേവിലാണ് (എമര്‍ജന്‍സ് 3.0) പുതുമയാര്‍ന്ന ഈ മത്സരം സംഘടിപ്പിക്കുന്നത്. പ്രകൃതി ദുരന്തം, പാമ്പുകടി, മസ്തിഷ്ക ആഘാതം, ഹൃദയാഘാതം എന്നിവയുമായി എത്തുന്ന രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ സമയബന്ധിതമായി നല്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിനാണ് സമ്മാനം.
അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പ്രശസ്ത ആശുപത്രികളിലെ 14 ടീമുകള്‍ ഈ മത്സത്തില്‍ പങ്കെടുക്കും. എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത മനുഷ്യ ശരീരത്തിലായിരിക്കും ചികിത്സ നടക്കൂക. നല്കുന്ന ചികിത്സക്കനുസരിച്ച് നിര്‍മ്മിത മനുഷ്യ ശരീരം പ്രതികരിക്കുകയും അതാത് സമയത്തെ റിസല്‍ട്ട് ശരീരവുമായി ബന്ധിക്കപ്പെട്ട മോണിട്ടറില്‍ തെളിയുകയും ചെയ്യും.
ഹൃദയാഘാതം, പാമ്പുകടി തുടങ്ങി ഏത് അസുഖമാണ് ഓരോ ഡോക്ടര്‍ സംഘത്തിനും നല്‍കേണ്ടത് എന്ന് തീരുമാനിച്ച് അതാത് സമയം നിര്‍മ്മിത മനുഷ്യ ശരീരത്തില്‍ അത് എഐയുടെ സഹായത്തോടെ ഫീഡ് ചെയ്യും. ജനുവരി 11ന് മത്സരത്തിന്റെ ആദ്യ റൗണ്ടും 12ന് രണ്ടു ടീമുകളുമായി ഫൈനല്‍ മത്സരവും അരങ്ങേറും.
ഡോക്ടര്‍മാരുടെ ചികിത്സാ മികവിനെ വിലയിരുത്തിക്കൊണ്ടുള്ള ഒരു മത്സരം രാജ്യത്തു തന്നെ ഇതാദ്യമാണ്. അത്യാഹിതങ്ങളില്‍പ്പെട്ടു വരുന്നവര്‍ക്ക് എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ സമയബന്ധിതമായി മികച്ച ചികിത്സ ഉറപ്പാക്കാന്‍ എല്ലാ ഡോക്ടര്‍മാരും പ്രാപ്തരാകണം എന്ന സന്ദേശമാണ് മത്സരം കൊണ്ട് ‘എമര്‍ജന്‍സ് 3.0’യുടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.