വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാറില്‍ നിന്ന് ലഭിച്ച വികസന ഫണ്ട്, മെയന്റനന്‍സ് ഫണ്ട് ഇനത്തില്‍ 1,60,88,584 രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായി ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തി.
പഞ്ചായത്തിന്റെ അനിവാര്യ ചുമതലയായ മാലിന്യ സംസ്കരണ മേഖലയാകെ താളം തെറ്റിയതായി റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടി. എംസിഎഫ് കെട്ടിടമില്ല, ഖരമാലിന്യ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കിയില്ല, ഹരിത സേനാംഗങ്ങളുടെ ഒഴിവ് നികത്തിയില്ല തുടങ്ങിയ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അജൈവ മാലിന്യം തരം തിരിച്ച് കയറ്റി അയക്കാന്‍ കഴിയാത്തത് കൊണ്ട് പഞ്ചായത്തിന് വര്‍ഷം തോറും ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുന്നു.
ഏഴായിരത്തിലധികം വീടുകളുള്ള പഞ്ചായത്തില്‍ ആയിരം വീടുകള്‍ക്കാണ് ഇതുവരെ ഉറവിട മാലിന്യ സംവിധാനം ഏര്‍പ്പെടുത്തിയത്. പൊതുമരാമത്ത് മേഖലയില്‍ മൂന്നു കോടി 52 ലക്ഷം രൂപ വകയിരുത്തി 82 പ്രൊജക്ടുകള്‍ തയ്യാറാക്കിയെങ്കിലും 57 ലക്ഷം രൂപയുടെ 12 പ്രൊജക്ടുകള്‍ മാത്രമേ നടപ്പാക്കിയുള്ളു. ചെലവ് 16 ശതമാനം മാത്രം. 19 അംഗന്‍വാടികളില്‍ കുടിവെള്ള സൗകര്യമില്ല. ആറിന് സ്വന്തം കെട്ടിടം പോലുമില്ല. വനിതാ ഘടക പദ്ധതിക്കായി തയ്യാറാക്കിയ പ്രൊജക്ടുകള്‍ ഒന്നും വനിതകള്‍ക്ക് ഗുണം ചെയ്യുന്നവയെല്ലന്ന് ഓഡിറ്റില്‍ കണ്ടെത്തി. പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ മിനുട്സ് യഥാസമയം തയ്യാറാക്കാത്തതുള്പ്പടെയുള്ള ക്രമക്കേടുകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്.
പഞ്ചായത്തിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും ജനങ്ങള്‍ അറിയുന്നതിന് വേണ്ടി ഓഡിറ്റ് റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ വായിക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. വര്‍ഷംതോറും കോടികള്‍ ലാപ്സാക്കി പഞ്ചായത്തിന്റെ വികസനവും പുരോഗതിയും തകര്‍ത്ത യുഡിഎഫ് ഭരണസമിതി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെച്ച് ഇറങ്ങി പോവണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. അസി. എഞ്ചിനിയര്‍ ഉള്‍പ്പടെയുള്ള തസ്തികളില്‍ പഞ്ചായത്തില്‍ ഒഴിവ് നികത്തപ്പെടാതെ വന്നാല്‍ പഞ്ചായത്ത് ഭരണസമിതിക്ക് ഇന്റര്‍വ്യു നടത്തി സ്വന്തമായ് നിയമനം നടത്താമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അതിനു പോലും കഴിയാതെ ജീവനക്കാരില്ല എന്ന കാരണം പറഞ്ഞ് ഭരണപരാജയം മറച്ച് വെക്കാന്‍ നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണെന്നും എല്‍ഡിഎഫ് ആരോപിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ടി.വി. കുഞ്ഞിരാമന്, സുധസുരേഷ്, ശ്രീലത എന്‍.പി, പ്രബിത അണിയോത്ത്, പി. രവീന്ദ്രന്, ലിസ പുനയംകോട്ട് എന്നിവര്‍ സംസാരിച്ചു