തീക്കുനി: റോഡിൽ കുഴഞ്ഞ് വീണ ആള്‍ക്ക് യുവാവിന്റെ സമയോചിത ഇടപെടല്‍ തുണയായി. വിലപ്പെട്ട ജീവന് തന്നെ തിരിച്ചു കിട്ടി. വ്യാഴാഴ്ച രാത്രി തീക്കുനി-അരൂര്‍ റോഡില്‍ ചന്തന്മുക്കില് കുഴഞ്ഞുവീണ ആള്‍ക്കാണ് തീക്കുനിയിലെ കോയുറേമ്മല് ബിനീഷ് രക്ഷകനായത്. ഒരാള്‍ റോഡില്‍ കുഴഞ്ഞ് വീണതറിഞ്ഞ് ബിനീഷ് സ്വന്തം കാറുമായി സ്ഥലത്തെത്തകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് മനസിലാക്കിയ ബിനീഷ് ഒരു നിമിഷം പോലും വൈകാതെ അദ്ദേഹത്തെ കാറിലെടുത്ത് കിടത്തി ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം ആംബുലന്‍സില്‍ ബിനീഷ് തന്നെ വടകര സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുപ്രകാരം വേണ്ടതു ചെയ്യാനും ബിനീഷ്
തയ്യാറായി. ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായതോടെ അദ്ദേഹം അപകടനില തരണം ചെയ്തിരിക്കുകയാണ്.
എരുമ്പന്കുന്നിനടുത്ത് മടത്തിക്കേണ്ടിയില് വാടകയ്ക്ക് താമസിക്കുന്ന ചെത്തു തൊഴിലാളിയായ തൃശൂര്‍കാരനായിരുന്നു കുഴഞ്ഞ് വീണത്. വടകര സഹകരണ ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചു വരുന്നു. ഒരു പരിചയവുമില്ലെങ്കിലും മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ച സിമന്റ് തേപ്പ് തൊഴിലാളിയായ ബിനീഷിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍.